കുവൈത്ത് സിറ്റി: രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) കുവെത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഫിഫയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ രാജ്യത്തെ കായിക ഭരണസമിതിയില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് കുവൈത്തിന് വിലക്കേര്‍പ്പെടുത്തിയത്‌. 

ഫിഫയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കുവൈത്ത് കഴിഞ്ഞയാഴ്ച്ച രാജ്യത്ത് പുതിയ നിമയം പാസ്സാക്കിയതോടെയാണ് ഫിഫ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും കുവൈത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കുവൈത്ത് സന്ദര്‍ശിക്കുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് വിലക്ക് നീക്കിയുള്ള പ്രഖ്യാപനം നടത്തിയത്. 
 
ഇതോടെ രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കുവൈത്ത് രാജ്യാന്തര മത്സരങ്ങളിലേക്ക് തിരിച്ചുവരും. വിലക്ക് കാരണം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കുവൈറ്റ് അത്ലറ്റുകള്‍ക്കും ഫുട്‌ബോള്‍ ടീമിനും സാധിച്ചിരുന്നില്ല.