സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡന്റ് ജോസഫ് ബ്ലാറ്റര്‍ക്ക് 90 ദിവസത്തെ സസ്‌പെന്‍ഷന്‍. ഫിഫയ്ക്ക് നഷ്ടമുണ്ടാക്കിയ സംപ്രേഷണ കരാറില്‍ ഒപ്പുവെച്ചതിനും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിക്ക് അനവസരത്തില്‍ പ്രതിഫലത്തുക നല്കിയെന്നുമുള്ള കുറ്റങ്ങള്‍ക്ക് സ്വിസ് അറ്റോര്‍ണി ജനറല്‍ ബ്ലാറ്റര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ചിരുന്നു. ഈ നടപടിയുടെ പശ്ചാത്തലത്തില്‍ ഫിഫ സദാചാരസമിതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. 1988 മുതല്‍ ഫിഫ അധ്യക്ഷനാണ് 79കാരനായ ബ്ലാറ്റര്‍.

തന്റെ അടുപ്പക്കാരനായ കരീബിയന്‍ യൂണിയന്‍ പ്രസിഡന്റ് ജാക്ക് വാര്‍ണര്‍ക്ക് തുച്ഛമായ തുകയ്ക്ക് ലോകകപ്പ് സംപ്രേഷണാവകാശം തരപ്പെടുത്തിക്കൊടുത്തെന്നതാണ് ഗുരുതരമായ കുറ്റം. നാലു കോടി രൂപയ്ക്ക് തനിക്ക് കിട്ടിയ സംപ്രേഷണാവകാശം വാര്‍ണര്‍ 132 കോടി രൂപയ്ക്ക് മറിച്ചുവിറ്റതായി തെളിഞ്ഞിരുന്നു. 19992001 കാലയളവില്‍ ഫിഫയ്ക്കുവേണ്ടി ചെയ്ത ജോലിക്ക് 2011ല്‍ പ്രതിഫലം നല്കിയെന്നതാണ് മറ്റൊരു കുറ്റം.