കോഴിക്കോട്: നാല് വര്‍ഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിനായി സുശാന്ത് മാത്യുവിന്റെ ഇടം കാലില്‍ നിന്ന് പിറന്ന ആ മഴവില്‍ ഗോള്‍ ആരാധകര്‍ ആരും മറന്നിട്ടുണ്ടാകില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആന്ദത്തിലാഴ്ത്തിയ ആ നിമിഷം സമ്മാനിച്ച സുശാന്ത് ബൂട്ടഴിച്ചു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മലയാളി താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഫെയ്‌സ്ബുക്കില്‍ വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് ജീവിതത്തിലെ സങ്കടകരമായ തീരുമാനം സുശാന്ത് ആരാധകരെ അറിയിച്ചത്. 'ജീവിതത്തില്‍ ഒരു കാര്യത്തിനുവേണ്ടി എത്ര പരിശ്രമിക്കുന്നുവോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാന്‍. ഫുട്‌ബോള്‍ കളി മാത്രമായിരുന്നില്ല, അത് എന്റെ ജീവിതമായിരുന്നു. ഇത്രയും കാലം സ്വപ്‌നതുല്ല്യമായ ജീവിതമാണ് ഫുട്‌ബോള്‍ നല്‍കിയത്. കളിച്ച ക്ലബ്ബുകള്‍ക്കും പരിശീലിപ്പിച്ചവര്‍ക്കുമെല്ലാം നന്ദി പറയുന്നു.'സുശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

38-കാരനായ മധ്യനിരതാരം കേരള ബ്ലാസ്റ്റേഴ്സ്, പുണെ സിറ്റി, ഗോകുലം കേരള ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 1997-ല്‍ എഫ്.സി. കൊച്ചിനിലൂടെയായിരുന്നു തുടക്കം. വാസ്‌കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബാംഗള്‍, നെറോക്ക എഫ്.സി. എന്നീ ടീമുകളിലും അംഗമായിരുന്നു.

 

Content Highlights: Sushanth Mathew retired from professional football