മഡ്രിഡ്: യൂറോപ്യന്‍ സൂപ്പര്‍ ലീഗ് നടത്താന്‍ ക്ലബ്ബുകള്‍ മുന്നിട്ടിറങ്ങിയതോടെ വലിയ വിവാദങ്ങളാണ് ഫുട്‌ബോള്‍ ലോകത്ത് നടക്കുന്നത്. എന്നാല്‍ സൂപ്പര്‍ ലീഗ് വരുന്നതോടെ ഫുട്‌ബോള്‍ സംരക്ഷിക്കപ്പെടുമെന്ന അവകാശവാദവുമായി സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്മാരായ റയല്‍ മഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് രംഗത്തെത്തി. 

'എപ്പോഴൊക്കെ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം എതിര്‍പ്പുകളും തലപൊക്കാറുണ്ട്. യൂറോപ്യന്‍ സൂപ്പര്‍ ലീഗിലൂടെ ഞങ്ങള്‍ ഫുട്‌ബോളിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. പുതിയ തലമുറയിലുള്ളവര്‍ ഫുട്‌ബോളിനോട് താത്പര്യം കാണിക്കുന്നില്ല. മികച്ച മത്സരങ്ങള്‍ നടക്കാത്തതുമൂലമാണ് ഇതുണ്ടാകുന്നത്. അതുകൊണ്ട് യുവജനത മറ്റ് കായിക മത്സരങ്ങളോട് ആകൃഷ്ടരാകുന്നു. ഈ സ്ഥിതി മാറണം. 2024-ല്‍ ആരംഭിക്കാനൊരുങ്ങുന്ന പുതിയ രീതിയുള്ള ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിനെ നശിപ്പിക്കും. അതുകൊണ്ടാണ് ഞങ്ങള്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുന്നത്.' -പെരസ് വ്യക്തമാക്കി.

റയല്‍ മഡ്രിഡ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ് തുടങ്ങിയ 15 ടീമുകള്‍ ഒരുമിച്ചുചേര്‍ന്നാണ് സൂപ്പര്‍ ലീഗിന് രൂപം നല്‍കാനൊരുങ്ങുന്നത്. പെരസാണ് സൂപ്പര്‍ലീഗിന്റെ ചെയര്‍മാന്‍. 

Content Highlights: Super League designed to save football, says Real Madrid president