ഭുവനേശ്വര്‍: പ്രഥമ സൂപ്പര്‍ കപ്പിനുള്ള അവസാന പതിനാറ് ടീമുകളിലേക്ക് ഗോകുലം കേരള എഫ്‌സി യോഗ്യത നേടി. ഭുവനേശ്വരിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ സൂപ്പര്‍ ലീഗ് ടീമായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്താണ് ഗോകുലം കേരള സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടിയത്. യുഗാന്‍ഡ സ്‌ട്രൈക്കര്‍ ഹെന്‍ട്രി കിസെക്കെയുടെ ഇരട്ട ഗോളാണ് ഗോകുലത്തിന് മികച്ച വിജയം സമ്മാനിച്ചത്. 

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 43-ാം മിനിറ്റിലാണ് ഹെന്‍ട്രി കിസെക്ക ആദ്യ ഗോള്‍ വലയിലാക്കിയത്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് വലതുവശത്തുനിന്ന് പോസ്റ്റ് ലക്ഷ്യമാക്കി ഉതിര്‍ത്ത ഷോട്ട് ഗോളിയെ മറികടന്ന് വലയിലെത്തി. 75-ാം മിനിറ്റിലായിരുന്നു ഹെന്‍ട്രിയുടെ രണ്ടാം ഗോള്‍. മലയാളി താരം അര്‍ജുന്‍ ജയരാജ് പോസ്റ്റിനുള്ളിലേക്ക് നല്‍കിയ പാസ് കൃത്യമായ ടച്ചിലൂടെ ഹെന്‍ട്രി കിസെക്ക പോസ്റ്റിലെത്തിച്ചു. 

ഗോള്‍ എന്നുറപ്പിച്ച നിരവധി അവസരങ്ങള്‍ നോര്‍ത്ത് ഈസ്റ്റിന് ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഗോളി നിഖില്‍ ബെര്‍നാഡിന്റെ മിന്നല്‍ നീക്കങ്ങളും ഗോകുലത്തിന് തുണയായി. സൂപ്പര്‍ സേവുകളുമായി വല കാത്ത നിഖില്‍ ബെര്‍നാര്‍ഡാണ് കളിയിലെ താരവും. സൂപ്പര്‍ കപ്പ് നോകൗട്ട് റൗണ്ടില്‍ ഐഎസ്എല്‍ ഫൈനലിസ്റ്റായ ബെംഗളൂരു എഫ്‌സിയാണ് ഗോകുലം കേരളയുടെ എതിരാളികള്‍. ഇന്ന് നടന്ന മറ്റൊരു യോഗ്യതാ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് ചര്‍ച്ചില്‍ ബ്രദേഴ്‌സും സൂപ്പര്‍ കപ്പിന് യോഗ്യത നേടിയിരുന്നു.

 

Content Highlights; Super Cup Qualification Match Gokulam vs North East