ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ബെംഗളൂരു എഫ്.സി-ഈസ്റ്റ് ബംഗാള്‍ ഫൈനല്‍. രണ്ടാം സെമിഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചാണ് ബെംഗളൂരു ഫൈനലിലെത്തിയത്. 

ഫൈനലില്‍ കൊല്‍ക്കത്ത ഡര്‍ബി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയായിരുന്നു ബെംഗളൂരുവിന്റെ തേരോട്ടം. ഒരു ഗോളിന് പിന്നില്‍ നിന്ന്, അവസാന നാല്‍പത് മിനിറ്റില്‍ പത്ത് പേരുമായി കളിച്ചാണ് ബെംഗളൂരു കൊല്‍ക്കത്തയുടെ കരുത്തരായ മോഹന്‍ ബഗാനെ നാണംകെടുത്തിയത്. മികുവിന്റെ ഹാട്രിക് ബെംഗളൂരുവിന് വിജയമൊരുക്കി.

42-ാം മിനിറ്റില്‍ ദിബാന്ത ഡികയിലൂടെ ബഗാന്‍ ലീഡ് നേടി. പിന്നീട് 50-ാം മിനിറ്റില്‍ ബെംഗളൂരുവിന് വീണ്ടും തിരിച്ചടി നേരിട്ടു. നിഖിലിനെ ഫൗള്‍ ചെയ്തതിന് നിശുകുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ബെംഗളൂരു പത്ത് പേരിലേക്ക് ചുരുങ്ങി.  എന്നാല്‍ ബഗാന്‍ ആരാധകരുടെ വില്ലനായി മികു അവതരിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 62-ാം മിനിറ്റില്‍ ബെംഗളൂരുവിനെ ഒപ്പമെത്തിച്ച മികു മൂന്നു മിനിറ്റിനുള്ളില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ ബെംഗളൂരു 2-1ന് മുന്നിലെത്തി. 88-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മികു ഹാട്രിക് പൂര്‍ത്തിയാക്കി.

പിന്നീട് സുനില്‍ ഛേത്രിയുടെ അവസരമായിരുന്നു. ബഗാന്റെ പരാജയഭാരം കൂട്ടി 91-ാം മിനിറ്റില്‍ ഛേത്രി ലക്ഷ്യം കണ്ടു. രണ്ടു മിനിറ്റിന് ശേഷം ദിപാന്ത ഡിക ബഗാനായി ലക്ഷ്യം കണ്ടെങ്കിലും അത് ബെംഗളൂരുവിന്റെ വിജയത്തെ തടയുന്നതായിരുന്നില്ല. ഏപ്രില്‍ 20നാണ് ബെംഗളൂരുവും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഫൈനല്‍. എഫ്.സി ഗോവയെ തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പിന്റെ ഫൈനലിലെത്തിയത്. 

ഛേത്രിയുടെ ഗോള്‍

Content Highlights: Super Cup Football  Mohun Bagan 2-4 Bengaluru FC