ന്യൂഡൽഹി: കൊൽക്കത്തയിലെ കരുത്തരായ മോഹൻ ബഗാൻ ക്ലബ്ബിലെത്തുമ്പോൾ സുനിൽ ഛേത്രിക്ക് പ്രായം പതിനേഴായിരുന്നു. ഒരു കൗമാരക്കാരന്റെ ഉത്‌കണ്ഠയും ആശങ്കകളുമായാണ് ഛേത്രി മോഹൻ ബഗാനിലെത്തിയത്. അന്ന് ആ കാലത്ത് സമ്മർദ്ദം താങ്ങാനാകാതിരുന്ന ഛേത്രി എന്നും കരയുമായിരുന്നു. ഫുട്ബോൾ അവസാനിപ്പിച്ചാലോ എന്നുവരെ കുഞ്ഞു ഛേത്രി അന്നു കരുതി. പട്ടാളക്കാരനായ അച്ഛന്റെ ഫോൺകോളുകൾ മാത്രമായിരുന്നു അന്ന് ഛേത്രിക്ക് ആശ്വാസം പകർന്നിരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഛേത്രി കൊൽക്കത്തയിൽ കളി തുടങ്ങിയ കാലത്തെ കുറിച്ച് മനസ്സുതുറന്നത്.

'ആദ്യ വർഷം കുഴപ്പമില്ലായിരുന്നു. ഓരോ മത്സരത്തിലും 20,30 മിനിറ്റ് കളിക്കാൻ എനിക്ക് അവസരം ലഭിക്കുമായിരുന്നു. അടുത്ത ബൈച്ചുങ് ബൂട്ടിയയാണ് ഞാനെന്നായിരുന്നു ആരാധകർ അന്നു പറഞ്ഞിരുന്നത്. എന്നാൽ കൊൽക്കത്തയിലെ ഫുട്ബോൾ നിങ്ങളെ പലതും പഠിപ്പിക്കും. മത്സരം ജയിച്ചാൽ നെഞ്ചേറ്റുന്നവർ തോൽവിയിൽ കുത്തിനോവിക്കും. ആരാധകരുടെ പരിഹാസം കേട്ട് ഞാൻ കരയാൻ തുടങ്ങി. ഒന്നും എളുപ്പമായിരുന്നില്ല. ചില താരങ്ങളെല്ലാം ഇതെല്ലാം സഹിക്കാനാകാതെ കൊൽക്കത്ത വിട്ടു. എന്റെ സങ്കടം അതിരുകടന്നതോടെ അച്ഛനെ വിളിച്ച് ഞാൻ ഇത് മതിയാക്കുകയാണെന്ന് വരെ പറഞ്ഞു.

എന്നാൽ പിന്നീട് കുടുംബത്തിന്റെ പിന്തുണയോടെ ഛേത്രി വളർന്നു. ഛേത്രിയോടൊപ്പം മത്സരങ്ങൾക്കായി അച്ഛനും യാത്ര ചെയ്യാൻ തുടങ്ങി. അച്ഛനോട് എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ തുടങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി. അങ്ങനെ 18 വർഷം പിന്നിടുന്നു. ഇപ്പോൾ സന്തോഷം മാത്രമേയുള്ളുവെന്നും ഛേത്രി പറയുന്നു. ഛേത്രിയുടെ കുടുംബം പിന്നീട് ഡൽഹിയിലേക്ക് താമസം മാറ്റി. നേപ്പാൾ ഫുട്ബോൾ ടീമംഗമായിരുന്നു ഛേത്രിയുടെ അമ്മ. അച്ഛനും പഴയ ഫുട്ബോൾ താരമാണ്.

content highlights: Sunil Chhetri says he cried under pressure while playing in Kolkata in early days