കൊൽക്കത്ത: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയനായകനായത് സുനിൽ ഛേത്രിയായിരുന്നു. ഛേത്രിയുടെ ഇരട്ടഗോളിന്റെ കരുത്തിലാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചത്. ഒപ്പം യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ആദ്യത്തെ വിജയം കൂടിയായിരുന്നു അത്.

ഈ മത്സരത്തിൽ ഛേത്രി ഒരു വ്യക്തിഗത നേട്ടവും സ്വന്തമാക്കി. ഇന്ത്യൻ ജഴ്സിയിൽ 74 ഗോളുകൾ പൂർത്തിയാക്കിയ ഛേത്രി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയേയും പിന്നിലാക്കി. നിലവിൽ കളിക്കുന്നവരിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള രണ്ടാമത്തെ താരം എന്ന റെക്കോഡാണ് ഇന്ത്യൻ ക്യാപ്റ്റൻ അക്കൗണ്ടിലെത്തിച്ചത്. പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഈ കണക്കിൽ മുന്നിലുള്ളത്.

ഇതിന് പിന്നാലെ ഛേത്രിയെ മെസ്സിയുമായി താരതമ്യം ചെയ്യുന്ന ചർച്ചകളാണ് ഫുട്ബോൾ ആരാധകർക്കിടയിൽ നടക്കുന്നത്. സോഷ്യൽ മീഡിയയിലും ഇക്കാര്യം ചർച്ചാവിഷയമാണ്. ഇതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഛേത്രി. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ നിലപാട് വ്യക്തമാക്കിയത്.

'അങ്ങനെ ഒരു താരതമ്യവും നടത്തേണ്ടതില്ല. അതിൽ കാര്യമില്ലെന്ന് ഫുട്ബോൾ എന്താണെന്ന് കൃത്യമായി മസ്സിലാക്കുന്നവർക്ക് അറിയാം. എന്നേക്കാൾ മികച്ച ആയിരക്കണക്കിന് താരങ്ങൾ ലോകത്തുണ്ട്. അവരെല്ലാം മെസ്സിയുടെ ആരാധകരാണ്.' ഛേത്രി വ്യക്തമാക്കുന്നു.

കളിക്കാനിറങ്ങും മുമ്പ് ഗ്രൗണ്ടിലെ തന്ത്രങ്ങൾ മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നതെന്നും മത്സരത്തിന് മുമ്പ് സാഷ്യൽ മീഡിയയിൽ സജീവമാകാറില്ലെന്നും ക്കൗണ്ടുകളെല്ലാം ലോഗ് ഔട്ട് ചെയ്യുമെന്നും ഛേത്രി വ്യക്തമാക്കുന്നു.

Content Highlights: Sunil Chhetri on comparison with Lionel Messi