മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുകയാണ്. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഈ ടൂര്‍ണമെന്റിലൂടെ പുതിയൊരു നേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി.

ഇതിഹാസതാരം പെലെയെ മറികടക്കാനാണ് ഛേത്രി ടൂര്‍ണമെന്റിലൂടെ ശ്രമിക്കുക. സാഫ് കപ്പില്‍ മൂന്ന് ഗോളുകള്‍ കണ്ടെത്താനായാല്‍ ഛേത്രി പെലെയെ മറികടന്ന് അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കുതിക്കും. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി  120 മത്സരങ്ങളില്‍ നിന്ന് 75 ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. പെലെ ബ്രസീലിനുവേണ്ടി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളാണ് നേടിയിരിക്കുന്നത്. 

സാഫ് ഫുട്‌ബോളിലൂടെ ഛേത്രി പെലെയെ മറികടക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. നാലോ അതിലധികമോ ഗോളുകള്‍ നേടിയാല്‍ ഛേത്രിയ്ക്ക് സാക്ഷാല്‍ ലയണല്‍ മെസ്സിയെ മറികടക്കാനാകും. 

നിലവില്‍ പോര്‍ച്ചുഗലിന്റെ നായകനായ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ഒന്നാമത്. 180 മത്സരങ്ങളില്‍ നിന്ന് 111 ഗോളുകളാണ് താരം നേടിയിരിക്കുന്നത്. ഇറാന്റെ അലി ദേയാണ് രണ്ടാമത്. 

Content Highlights: Sunil Chhetri Just Three Goals Away From Surpassing Brazilian Legend Pele's Goal Tally