ബാഴ്സലോണ: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ നാപ്പോളിക്കെതിരായ രണ്ടാം പാദ മത്സരത്തിൽ ബാഴ്സലോണയുടെ ഹീറോ ലയണൽ മെസ്സിയുടെ 'സോളോ ഗോൾ' ആർക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല. അത്രയും മനോഹരമായിരുന്നു ആ ഗോൾ. ഉറക്കം കളഞ്ഞ് കളി കണ്ട ഇന്ത്യയിലെ മെസ്സി ആരാധകരും നിരാശരായില്ല.

ആരാധകർക്കൊപ്പം ഫുട്ബോൾ താരങ്ങളും മെസ്സിയുടെ ആ ഗോളിനെ വാഴ്ത്തി. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയും മെസ്സിയുടെ ഗോൾ കണ്ട് അമ്പരന്നു. മെസ്സി എന്നെഴുതി മൂന്നു കൂപ്പുകൈയുടെ ഇമോജി ട്വീറ്റ് ചെയ്താണ് ഛേത്രി തന്റെ അഭിനന്ദനം അറിയിച്ചത്. വർഷങ്ങൾക്കുശേഷമാണ് ലൈവ് ഫുട്ബോൾ കാണാൻ ഉറക്കമൊഴിച്ചു കാത്തിരുന്നതെന്നും അതു വെറുതെയായില്ലെന്നും ഛേത്രി ട്വീറ്റിൽ പറയുന്നു.

നാപ്പോളിക്കെതിരെ 23-ാം മിനിറ്റിലാണ് മെസ്സിയുടെ മനോഹര ഗോൾ പിറന്നത്. നാപ്പോളിയുടെ പെനാൽറ്റി ബോക്സിൽ നിന്ന് മൂന്നു പ്രതിരോധ താരങ്ങളെ കബളിപ്പിച്ചായിരുന്നു മെസ്സിയുടെ ഗോൾ. അതിനിടയിൽ നില തെറ്റി വീണെങ്കിലും ഞൊടിയിടയിൽ എഴുന്നേറ്റ അർജന്റീനാ താരം പന്ത് ഗോൾപോസ്റ്റിന്റെ മൂലയിലെത്തിച്ചു. രണ്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഏറെക്കുറെ അസാധ്യമായ ഒരു കോർണറിൽ നിന്നായിരുന്നു ഈ ഷോട്ട്.

രണ്ടാം പാദത്തിൽ 3-1നാണ് ബാഴ്സ വിജയിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി 4-2ന് മുന്നിലെത്തി ബാഴ്സ ക്വാർട്ടർ ടിക്കറ്റെടുത്തു.

 

 

Content Highlights: Sunil Chhetri, Lionel Messi, Messi's Wonder Goal against Napoli