മാലി: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. 

സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ഛേത്രി ഈ അപൂര്‍വമായ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ 49-ാം മിനിട്ടിലാണ് താരം ഗോള്‍ നേടിയത്. പ്രീതം കോട്ടാല്‍ നല്‍കിയ ക്രോസില്‍ കൃത്യമായി തലവെച്ച് ഛേത്രി മനോഹരമായ ഗോളിലൂടെ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു. ഛേത്രിയുടെ ഹെഡ്ഡര്‍ നോക്കി നില്‍ക്കാനേ നേപ്പാള്‍ ഗോള്‍കീപ്പര്‍ ചെംസോങിന് സാധിച്ചുള്ളൂ. ഛേത്രി സാഫ് കപ്പില്‍ നേടുന്ന അഞ്ചാം ഗോളാണിത്. ഇതോടെ താരത്തിന്റെ ആകെ ഗോള്‍ നേട്ടം 80 ആയി ഉയര്‍ന്നു.

125 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 80 ഗോളുകള്‍ നേടിയത്. മെസ്സി 156 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.  അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി മെസ്സിയ്‌ക്കൊപ്പം അഞ്ചാം സ്ഥാനത്തെത്തി. മത്സരങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഛേത്രി പട്ടികയില്‍ മെസ്സിയേക്കാള്‍ മുന്നിലാണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാമത്. 

ഒപ്പം മറ്റൊരു റെക്കോഡും ഛേത്രി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. നിലവില്‍ ഫുട്‌ബോള്‍ രംഗത്ത് സജീവമായ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി രണ്ടാം സ്ഥാനത്തെത്തി. റൊണാള്‍ഡോ മാത്രമാണ് ഛേത്രിയ്ക്ക് മുന്നിലുള്ളത്.  ഛേത്രിയ്ക്കും മെസ്സിയ്ക്കും 80 ഗോളുകള്‍ വീതമാണെങ്കിലും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയതോടെ മെസ്സിയേക്കാള്‍ മുന്‍തൂക്കം ഇന്ത്യന്‍ നായകന് ലഭിക്കും. റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ 115 ഗോളുകളാണുള്ളത്. 

സാഫ് കപ്പ് ഫുട്‌ബോള്‍ തുടങ്ങുന്ന സമയത്ത് ഛേത്രി പെലെയുടെ ഗോള്‍നേട്ടത്തേക്കാള്‍ പിറകിലായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഛേത്രി പെലെയെ മറികടന്ന് മെസ്സിയ്ക്ക് ഒപ്പമെത്തി. 

Content Highlights: Sunil Chhetri equals record of Messi after scoring his 80th goal