മുംബൈ: ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി ഇനി അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിക്കൊപ്പം. 

ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ കെനിയക്കെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് ഛേത്രി മെസ്സിയുടെ റെക്കോഡിനൊപ്പം എത്തിയത്. ഇതോടെ ഛേത്രിയുടെ അക്കൗണ്ടില്‍ മൊത്തം 64 ഗോളുകളായി.  കെനിയക്കെതിരായ മത്സരത്തിന്റെ എട്ട്, ഇരുപത്തിയൊന്‍പത് മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ചരിത്രം കുറിച്ച ഗോളുകള്‍  പിറന്നത്.

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിക്ക് മുന്‍പിലുള്ളത്. 81 ഗോളുകളാണ് ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിന് വേണ്ടി നേടിയിരിക്കുന്നത്. 102 മത്സരങ്ങളില്‍ നിന്നാണ് ഛേത്രിയുടെ ഗോള്‍ നേട്ടം. മെസ്സി 124 മത്സരങ്ങളില്‍ നിന്നും ക്രിസ്റ്റിയനോ 150 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 19ാം സ്ഥാനത്താണ് ഛേത്രി. കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസ്സി 18ാം സ്ഥാനത്തുമാണ്. ഇറാന്റെ ഇതിഹാസതാരം അലി ദേയിയാണ് ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒന്നാമത്.

109 ഗോളുകളാണ് അലി ദേശീയ ടീമിന് വേണ്ടി നേടിയത്. ഹംഗറിയുടെ ഫ്രാങ്ക് പുഷ്‌കാസ്‌ ആണ് രണ്ടാം സ്ഥാനത്ത്. ലോകഫുട്‌ബോള്‍ ഇതിഹാസം ബ്രസീലിന്റെ പെലെ പട്ടികയില്‍ എഴാം സ്ഥാനത്താണ്. 77 ഗോളുകളാണ് പെലെ ദേശീയ ടീമിന് വേണ്ടി നേടിയത്. 

ഇന്റര്‍ കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ ഒരു ഹാട്രിക്കും രണ്ട് ഇരട്ടഗോളുകളും ഉള്‍പ്പടെ മൊത്തം എട്ട് ഗോളുകളാണ് നേടിയത്. തന്റെ നൂറാമത്തെ അന്താരാഷ്ട്ര മത്സരം പൂര്‍ത്തിയാക്കിയതും ഈ ടൂര്‍ണമെന്റിലാണ്. ഇന്ത്യ മടക്കമില്ലാത്ത അഞ്ചു ഗോളിന് വിജയിച്ച ചൈനീസ് തായ്പെയിക്കെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക്ക് നേടിയ ഛേത്രി കെനിയക്കെതിരായ ആദ്യ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയിരുന്നു. ഇന്ത്യ പരാജയപ്പെട്ട ന്യൂസീലന്‍ഡിനെതിരെയും ഭാഗ്യത്തിന്റെ അകമ്പടിയോടെ ഒരു ഗോള്‍ നേടിയിരുന്നു.

Content Highlights: Sunil Chhetri climbs equals lionel messi highest active international goalscorers' list intercontinenl cup