കൊച്ചി: ഫോര്‍വേഡിനെപ്പോലെ അര്‍ബുദം ആക്രമിച്ചു കയറുമ്പോള്‍ തോറ്റുപോകാത്ത സ്റ്റോപ്പര്‍ ബാക്കാകാന്‍ സ്റ്റീഫന് കഴിയണമേയെന്ന പ്രാര്‍ഥനയിലാണ് കൂട്ടുകാര്‍. കരളിനെ ബാധിച്ച അര്‍ബുദത്തിന്റെ രൂപത്തില്‍ മരണം അരികിലെത്തുമ്പോഴും അതിന്റെ തീവ്രതയറിയാതെ സ്റ്റീഫന്‍ കാത്തിരിക്കുകയാണ്... അടുത്ത ഫുട്ബോള്‍ മത്സരത്തിനായി.

ഘാനക്കാരനായ സ്റ്റീഫന്‍ ക്വാസി മെന്‍സ എന്ന 26-കാരന്‍ ഫുട്ബോള്‍ സ്വപ്നവുമായാണ് ഡിസംബറില്‍ കേരളത്തിലെത്തിയത്. തൃശ്ശൂര്‍ ജയ ബേക്കേഴ്സ് ടീമിനായി 25-ലേറെ മത്സരങ്ങള്‍ കളിച്ചു. സ്ഥിരമായി വയറുവേദന അനുഭവപ്പെട്ടിരുന്ന സ്റ്റീഫന്‍ ഇടയ്ക്കിടെ ഛര്‍ദിക്കാനും തുടങ്ങിയതോടെയാണ് കൂട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ലിസി ആശുപത്രിയിലും നടത്തിയ പരിശോധനകളില്‍ അര്‍ബുദം വ്യാപിച്ചതായി കണ്ടെത്തി. കരള്‍ മാറ്റിവെക്കുന്നതുള്‍പ്പെടെയുള്ള ചികിത്സകള്‍ എത്രകണ്ട് ഫലിക്കുമെന്ന ആശങ്കയുണ്ട്. ഇതൊന്നും സ്റ്റീഫനെ അറിയിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കൂട്ടുകാര്‍.

''നാട്ടില്‍ അവന് അധികം ബന്ധുക്കളില്ല. അമ്മ കുട്ടിക്കാലത്തേ മരിച്ചുപോയെന്നാണു പറഞ്ഞത്. ഒരു സഹോദരനും സഹോദരിയും അവിടെയുണ്ടെന്നും അവരെ കാണാന്‍ പോകണമെന്നും ഇടയ്ക്കിടെ പറയാറുണ്ട്. ഞങ്ങളെ കാണുമ്പോഴൊക്കെ അടുത്ത ഫുട്ബോള്‍ കളി എന്നാണെന്നാണ് അവന്‍ ചോദിക്കുന്നത്. ഇനിയൊരിക്കലും ഫുട്ബോള്‍ കളിക്കാന്‍ പറ്റില്ലെന്നറിഞ്ഞാല്‍ അവന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോയെന്നാണു പേടി''- കൂട്ടുകാരന്‍ എ.ബി. അഖിലിന്റെ വാക്കുകള്‍ സങ്കടത്താല്‍ മുറിഞ്ഞു. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ സഹായത്തോടെ ടീം മാനേജര്‍ പി.ബി. റഫീഖും എഫ്.സി. കൊച്ചിന്‍ മുന്‍താരം ഷഫീഖും ഉള്‍പ്പെടെയുള്ളവരാണ് സ്റ്റീഫന്റെ കാര്യങ്ങള്‍ നോക്കുന്നത്.

Content Highlights: Stephen Quasi Mensah sevens footballer suffering from cancer