Dalle Ali
ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയ ഡാലെ അലിയുടെ ആഹ്ലാദം     ഫോട്ടോ: എ.പി

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ടോട്ടനം ഹോട്സ്പര്‍ വക ഷോക്ക് ട്രീറ്റ്മെന്റ്. സ്വന്തം തട്ടകത്തില്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് കീഴടങ്ങി. 

ഏഴ് മത്സരത്തില്‍ ടീമിന്റെ ആദ്യതോല്‍വിയാണ്. നാട്ടുകാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഹ്ളാദിക്കാനുള്ള വകയില്ല. സ്റ്റോക് സിറ്റിയോട് ടീം സമനിലയില്‍ കുരുങ്ങി. (1-1). നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ സതാംപ്ടണ്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.

കളിയുടെ ഒമ്പതാം മിനിറ്റില്‍ അലക്സാന്‍ഡര്‍ കൊളറോവിന്റെ സെല്‍ഫ് ഗോളില്‍ പിന്നിലായ സിറ്റിക്ക് 37-ാം മിനിറ്റില്‍ ടോട്ടനം താരം ഡാലെ അലി കൂടി സ്‌കോര്‍ ചെയ്തതോടെ തിരിച്ചുവരവ് അസാധ്യമായി.

ആന്റണി മാര്‍ഷ്യലിന്റെ ഗോളില്‍ മുന്നില്‍ക്കടന്ന യുണൈറ്റഡ് (69) ജയം പ്രതീക്ഷിച്ചിരിക്കേ, അവസാനഘട്ടത്തില്‍ ജോ അലന്‍ നേടിയ ഗോളിലൂടെയാണ് (82) സ്റ്റോക് സിറ്റി ഒപ്പമെത്തിയത്. ഗോളി ഡേവിഡ് ഗിയയുടെ പിഴവാണ് ഗോളിന് വഴിവെച്ചത്. 

ഏഴ് കളിയില്‍ നിന്ന് 18 പോയന്റുള്ള സിറ്റി ഒന്നാമതും 17 പോയന്റുള്ള ടോട്ടനം രണ്ടാമതും 13 പോയന്റുള്ള യുണൈറ്റഡ് ആറാമതുമാണ്.

അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് വലന്‍സിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോല്‍പ്പിച്ചു. അന്റോയിന്‍ ഗ്രീസ്മാന്‍ (63), കവിന്‍ ഗമേറിയോ (90) എന്നിവരാണ് അത്ലറ്റിക്കോയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തത്.