മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. തരംതാഴ്ത്തല്‍ ഏതാണ്ട് ഉറപ്പായ ഓസാസുനയെ ഒന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്ത ബാഴ്സ ഈ ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 78 പോയിന്റാണ് അവര്‍ക്കുള്ളത്.
ഡീപ്പോര്ട്ടീവൊ ലാ കൊറൂനയെ രണ്ടിനെതിരെ ആറ് ഗോളിന് തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും റയലിന് ബാഴ്സയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരാവാനെ കഴിഞ്ഞുള്ളു. റയലിനും 78 പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ശരാശരിയാണ് ബാഴ്സയ്ക്ക് തുണയായത്. എന്നാല്‍, ബാഴ്സ 34 മത്സരങ്ങള്‍ കളിച്ചപ്പോള്‍ റയല്‍ 33 മത്സരം മാത്രമാണ് കളിച്ചത്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ റയലിന് കിരീടം സ്വന്തമാക്കാനാവും.
ഒസാസുനയ്ക്കെതിരെ പകുതി സമയത്ത് മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു ബാഴ്സ. അവര്‍ക്കുവേണ്ടി ലയണല്‍ മെസ്സി (12, 61), ആന്ദ്രെ ഗോമസ് (30, 57), അല്‍കാസര്‍ (64, 86) എന്നിവര്‍ ഇരട്ടഗോള്‍ നേടി. ഒരു ഗോള്‍ പെനാല്‍റ്റിയില്‍ നിന്നും മഷരാനോയുടെ വകയായിരുന്നു, 67-ാം മിനിറ്റില്‍. ലാ ലീഗയിലെ 501-ാം ഗോള്‍ നേടിയ മെസ്സിയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്.
മലാഗയോടേറ്റ തോല്‍വിക്കുശേഷമുള്ള ബാഴ്സയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. 34 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റ് മാത്രമുള്ള ഒസാസുന പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനക്കാരാണ്.
ബാഴ്സയുടെ അടുത്ത മത്സരം 29ന് ഒന്‍പതാം സ്ഥാനക്കാരായ എസ്പാന്യോളുമായാണ്.
ഡീപ്പോര്ട്ടീവോയ്ക്കെതിരായ മത്സരത്തില്‍ പകുതി സമയത്ത് ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു റയല്‍ മാഡ്രിഡ്. കൊളംബിയന്‍ താരം ഹാമെസ് റോഡ്രിഗസ് ഇരട്ടഗോള്‍ നേടി (14, 66). ഒന്നാം മിനിറ്റില്‍ മൊറാട്ടയിലൂടെയാണ് അവര്‍ ലീഡ് നേടിയത്. വാസ്ക്വെസ് (44), ഇസ്കൊ (77), കാസെമിരൊ (87) എന്നിവര്‍ ഗോള്‍പട്ടിക തികച്ചു. അന്ഡോനെ (35), ഹൊസെലു (84) എന്നിവരുടെ വകയായിരുന്നു ഡീപ്പോര്ട്ടീവോയുടെ ആശ്വാസഗോളുകള്‍.
സ്വന്തം തട്ടകത്തില്‍ 29ന് പന്ത്രണ്ടാം സ്ഥാനക്കാരായ വലെന്സിയക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം.
ലീഗിലെ മറ്റ് മത്സരങ്ങളില്‍ റയല്‍ സോസിദാദ് വലെന്സിയയെയും (3-2) ലെഗാനെസ് ലാ പാല്‍മാസിനെയും (3-0) തോല്പിച്ചു. സോസിദാദ് 58 പോയിന്റുമായി ആറാമതും വലെന്‍സിയ 40 പോയിന്റുമായി പന്ത്രണ്ടാമതുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..