മാഡ്രിഡ്: സുവാരസ് ഒരിക്കല്‍ക്കൂടി മിന്നിയ സ്പാനിഷ് ലീഗ് മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് ഉജ്ജ്വലജയം. സുവാരസ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നാലു ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ സ്‌പോര്‍ട്ടിങ് ഗിജോണിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തെറിഞ്ഞത്.

74, 77 മിനിറ്റുകളിലായി രണ്ട് പെനാല്‍റ്റി ഉള്‍പ്പെടെയാണ് സുവാരസിന്റെ നാലു ഗോള്‍. ഇതുകൂടാതെ 63-ാം മിനിറ്റിലും 88-ാം മിനിറ്റിലും സുവാരസ് സപോര്‍ട്ടിങ്ങിന്റെ വലകുലുക്കി.

പന്ത്രണ്ടാം മിനിറ്റില്‍ മെസ്സിയാണ് ബാഴ്‌സയുടെ സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. 85-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കിയ നെയ്മറാണ് ബാഴ്‌സയുടെ മറ്റൊരു സ്‌കോറര്‍.

Juan Carlos Martin
റയലിനായി ഗരെത് ബെയ്ല്‍ ഗോള്‍ നേടിയപ്പോള്‍ വീണുകിടക്കുന്ന വല്ലെക്കാനോ ഗോള്‍ കീപ്പര്‍ യുവാന്‍ കാര്‍ലോസ് മാര്‍ട്ടിന്‍. ഫോട്ടോ: എപി.

 

റയോ വല്ലെക്കാനോയ്ക്ക് എതിരായ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് റയല്‍ മാഡ്രിഡ് ജയം കണ്ടത്. 3-2ന് ജയിച്ച മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് റയല്‍ തിരിച്ചുവന്നത്.

ഏഴാം മിനിറ്റില്‍ അഡ്രിയന്‍ എംബാറയുടെയും 14-ാം മിനിറ്റില്‍ മിക്കുവിന്റെയും ഗോളുകളുടെ ബലത്തില്‍ റയോ മുന്നിലെത്തി. എന്നാല്‍ ഗാരത്‌ ബെയ്‌ലിന്റെ ഇരട്ടഗോളുകളും (35, 81) വാസ്‌ക്വസിന്റെ 52-ാം മിനിറ്റിലെ ഗോളും റയലിന് ജയം സമ്മാനിക്കുകയായിരുന്നു.

സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മലാഗയെ തോല്‍പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കോയുടെ ജയം. ഏഞ്ചല്‍ കോറിയയാണ് (62-ാം മിനിറ്റ്) സ്‌കോറര്‍.

Atletico Madrid
അത്‌ലറ്റിക്കോ-മലാഗ മത്സരത്തില്‍ നിന്ന്. ഫോട്ടോ: എപി.

 

സീസണില്‍ ആദ്യ മൂന്ന് ടീമുകള്‍ക്കും മൂന്ന് മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ലാലിഗയില്‍ നടക്കുന്നത്.

35 കളികളില്‍ 82 പോയന്റുമായി ബാഴ്‌സയാണ് ഇപ്പോള്‍ പട്ടികയില്‍ മുന്നില്‍. ഇത്രയും മത്സരങ്ങളില്‍ 82 പോയന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡും ഒപ്പമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബാഴ്‌സയ്ക്കാണ് മുന്‍തൂക്കം. 35 കളികളില്‍ 81 പോയന്റുമായി റയല്‍ തൊട്ടുപിന്നിലുണ്ട്.

പോയന്റ് പട്ടിക
(ടീം- പോയന്റ് (മത്സരങ്ങള്‍) എന്ന ക്രമത്തില്‍)

  1. ബാഴ്‌സലോണ- 82 (35)
  2. അത്‌ലറ്റിക്കോ മാഡ്രിഡ്- 82 (35)
  3. റയല്‍ മാഡ്രിഡ്- 81 (35)
  4. വിയ്യാറയല്‍- 60 (34)
  5. അത്‌ലറ്റിക്കോ ബില്‍ബാവോ- 53 (34)