മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും വിജയം. ബാഴ്‌സ 2-1ന് ഇബിസയെ തോല്‍പ്പിച്ചപ്പോള്‍ റയല്‍, യുണിയനിസ്റ്റാസിനെ പരാജയപ്പെടുത്തി. 3-1നായിരുന്നു റയലിന്റെ വിജയം.

ലയണല്‍ മെസ്സിയില്ലാതെ കളിക്കാനിറങ്ങിയ ബാഴ്‌സയുടെ രക്ഷകനായത് അന്റോയ്ന്‍ ഗ്രീസ്മാനാണ്. കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ ജോസഫ് കാബല്ലെ മാര്‍ട്ടിനിലൂടെ ഇബിസ മുന്നിലെത്തി. ഈ ലീഡ് 72-ാം മിനിറ്റുവരെ മറികടക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. 

പിന്നീട് ഗ്രീസ്മാന്‍ രക്ഷകനാകുകയായിരുന്നു. 72-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയ ഗ്രീസ്മാന്‍ 94-ാം മിനിറ്റില്‍ വീണ്ടും വല ചലിപ്പിച്ചു. 

യുണിയനിസ്റ്റാസിനെതിരേ 18-ാം മിനിറ്റില്‍ തന്നെ ഗരെത് ബെയ്‌ലിലൂടെ റയല്‍ മുന്നിലെത്തി. 57-ാം മിനിറ്റില്‍ അല്‍വാരൊ റൊമാരിയോ മോറില്ലോയിലൂടെ യുണിയനിസ്റ്റാസ് ഒപ്പം പിടിച്ചു, എന്നാല്‍ 62-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ ഇവര്‍ക്ക് വിനയായി. ഇതോടെ റയല്‍ 2-1ന് ലീഡെടുത്തു. 92-ാം മിനിറ്റില്‍ ബ്രഹിം ഡയസിലൂടെ റയല്‍ വിജയമുറിപ്പിച്ചു. 

 

Content Highlights: Spanish Kings Cup Real Madrid Barcelona