മഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് ഫുട്ബോള്‍ സെമി ആദ്യപാദ മത്സരങ്ങളില്‍ സമനിലയും വിജയവും. സെല്‍റ്റ വിഗോയും അലാവെസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ ഒരു ഗോളിന് തകര്‍ത്തു. 

ബാഴ്സയ്ക്കുവേണ്ടി ലൂയി സുവാരസും ലയണല്‍ മെസ്സിയും സ്‌കോര്‍ ചെയ്തപ്പോള്‍ അന്റോയിന്‍ ഗ്രീസ്മാന്റെ വകയായിരുന്നു അത്ലറ്റിക്കോയുടെ ഗോള്‍. ഫെബ്രുവരി ഏഴിന് ബാഴ്സലോണയുടെ തട്ടകമായ നൗകാമ്പിലാണ് രണ്ടാംപാദ മത്സരം.

കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ലൂയി സുവാരസിലൂടെ ബാഴ്സലോണ സ്‌കോര്‍ ചെയ്തു. മൈതാനമധ്യത്തില്‍ നിന്ന് ഹാവിയര്‍ മഷെറാനോ നീട്ടി നല്‍കിയ പന്ത് സ്വീകരിച്ച സുവാരസ് ഒറ്റയ്ക്ക് കുതിച്ച് നാലു പ്രതിരോധതാരങ്ങളെ മറികടന്ന് പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് പ്ലെയ്സ് ചെയ്തു. മുന്നോട്ടുകയറ വന്ന അത്ലറ്റിക്കോ ഗോളി മിഗ്വെയില്‍ മോയയെ മറി കടന്ന് പന്ത് വലയില്‍ വിശ്രമിച്ചു (1-0).

ഗോള്‍ അടിച്ചതിനു ശേഷവും ബാഴ്സ താരങ്ങള്‍ അത്ലറ്റിക്കോ പോസ്റ്റിലേക്ക് നിരന്തരം അക്രമണം നടത്തി. 33-ാം മിനിറ്റില്‍ ബാഴ്സ ലീഡുയര്‍ത്തി. ഇത്തവണ സൂപ്പര്‍ താരം മെസ്സിയുടെ വകയായിരുന്നു ഗോള്‍. ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിട്ടിച്ച് നല്‍കിയ പാസ് മികച്ചൊരു ലോങ്റേഞ്ചറിലൂടെ മെസ്സി ഗോളാക്കുകയായിരുന്നു (2-0). 2017 -ല്‍ മെസ്സിയുടെ ഏഴാമത്തെ ഗോളാണിത്. മൂന്നു ഗോളുകള്‍ക്ക് അവസരമൊരുക്കിക്കൊടുത്ത മെസ്സി ഈ വര്‍ഷം 10 ഗോളുകളില്‍ പങ്കാളിയായി. 

59-ാം മിനിറ്റില്‍ അത്ലറ്റിക്കോ ഒരു ഗോള്‍ മടക്കി. ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. ഫ്രീകിക്കില്‍ നിന്നുമുള്ള പന്ത് ഡീഗോ ഗോഡിന്‍ ഹെഡ്ഡറിലൂടെ ഗ്രീസ്മാനു നല്‍കി. മറ്റൊരു ഹെഡ്ഡറിലൂടെ ഗ്രീസ്മാന്‍ ബാഴ്സയുടെ വലകുലുക്കി. (2-1).