-
മാഡ്രിഡ്: 22 വർഷം നീണ്ട കരിയറിന് വിരാമമിട്ട് സ്പെയ്നിന്റെ ഇതിഹാസ ഗോൾകീപ്പർ ഐകർ കസിയസ്. ചൊവ്വാഴ്ച, ട്വീറ്റിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2010-ൽ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ ക്യാപ്റ്റനായിരുന്നു 39-കാരനായ കസിയസ്. 2008, 2012 വർഷങ്ങളിൽ യൂറോ കപ്പ് ജയിച്ച സ്പാനിഷ് ടീമിനെ നയിച്ചതും കസിയസായിരുന്നു. 2000 മുതൽ 2016 വരെ സ്പാനിഷ് ദേശീയ ടീമിനായി 167 മത്സരങ്ങൾ കളിച്ചു.
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയായിരുന്നു കസിയസിന്റെ വളർച്ച. 1999-ൽ 18-ാം വയസിൽ റയലിന്റെ സീനിയർ ടീമിൽ അരങ്ങേറിയ അദ്ദേഹം 2015 വരെ ക്ലബ്ബിൽ തുടർന്നു. റയലിനൊപ്പം 16 സീസണുകളിലായി 725 മത്സരങ്ങളിൽ ഗോൾവല കാത്ത കസിയസ് അഞ്ച് ലാ ലിഗാ കിരീടങ്ങളിലും മൂന്ന് ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും പങ്കാളിയായി.
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോഡ് കസിയസിന്റെ പേരിലാണ്. 177 മത്സരങ്ങൾ, ഇതിൽ 150 മത്സരങ്ങളും റയലിന്റെ ജേഴ്സിലായിരുന്നു. 57 ക്ലീൻ ഷീറ്റുകളെന്ന റെക്കോഡും കസിയസിനുണ്ട്.
റയൽ വിട്ട് 2015-ൽ അദ്ദേഹം പോർച്ചുഗീസ് ക്ലബ് പോർട്ടോയിലെത്തി. കഴിഞ്ഞ വർഷം പരിശീലനത്തിനിടെ ഹൃദയാഘാതമുണ്ടായ കസിയസ് 2019 ഏപ്രിൽ മുതൽ കളിക്കളത്തിൽ ഇറങ്ങിയിരുന്നില്ല. ഈ വർഷം ജൂലായിൽ അദ്ദേഹം പോർട്ടോ വിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Spain World Cup winner and Real Madrid legend Iker Casillas announces retirement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..