മാഞ്ചെസ്റ്റര്‍: സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വഴങ്ങിയ ഇന്‍ജുറി ടൈം ഗോളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. 

സതാംപ്ടണാണ് യുണൈറ്റഡിനെ അവരുടെ മൈതാനത്ത് സമനിലയില്‍ (2-2) തളച്ചത്. ലീഗില്‍ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഇതോടെ യുണൈറ്റഡിന് നഷ്ടമായത്.

മത്സരം തുടങ്ങി 12-ാം മിനിറ്റില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് സതാംപ്ടണ്‍ ഒപ്പമെത്തി. സ്റ്റുവര്‍ട്ട് ആംസ്‌ട്രോങ്ങാണ് സന്ദര്‍ശകരുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 20-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. പിന്നാലെ 23-ാം മിനിറ്റില്‍ മാര്‍ഷ്യലിലൂടെ യുണൈറ്റഡ് ലീഡെടുക്കുകയും ചെയ്തു.

ആ ലീഡ് നിലനിര്‍ത്തിയ യുണൈറ്റഡിന് പക്ഷേ ഇന്‍ജുറി ടൈമില്‍ പിഴച്ചു. ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ മൈക്കല്‍ ഒബഫെമിയിലൂടെ സതാംപ്ടണ്‍ സമനില പിടിക്കുകയായിരുന്നു.

ബ്രണ്ടന്‍ വില്യംസിന് പരിക്കേറ്റതോടെ അവസാന മൂന്നു മിനിറ്റോളം 10 പേരുമായാണ് യുണൈറ്റഡ് കളിച്ചത്. അനുവദിച്ചിരുന്ന അഞ്ച് മാറ്റങ്ങളും സോള്‍ഷ്യര്‍ ഉപയോഗിച്ചുകഴിഞ്ഞതോടെയായിരുന്നു ഇത്. 

സമനിലയോടെ 35 മത്സരങ്ങളില്‍ നിന്ന് 59 പോയന്റുമായി യുണൈറ്റഡ് ലീഗില്‍ അഞ്ചാമതായി. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് വിലക്ക് നീങ്ങിയതോടെ ചെല്‍സിയും ലെസ്റ്ററും യുണൈറ്റഡും തമ്മില്‍ ആദ്യ നാലിലെത്താന്‍ കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നത്.

Content Highlights: Southampton late goal hurt Manchester United’s Champions League hopes