മോണ്ടിവിഡിയോ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മികവ് തുടര്‍ന്ന് ബ്രസീല്‍. ബുധനാഴ്ച നടന്ന മത്സരത്തില്‍ യുറഗ്വായെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. 

ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 34-ാം മിനിറ്റില്‍ ആര്‍തുര്‍ മെലോയാണ് കാനറികളെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റിച്ചാര്‍ലിസണ്‍ അവരുടെ ഗോള്‍ പട്ടിക തികച്ചു. 

നെയ്മര്‍ ഫിലിപ്പെ കുടീഞ്ഞ്യോ എന്നിവരില്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. 

സൂപ്പര്‍ താരം ലൂയിസ് സുവാരസിന് കോവിഡ് ബാധിച്ചതുമൂലം കളിക്കാന്‍ സാധിക്കാതിരുന്നത് യുറഗ്വായ്ക്ക് വലിയ തിരിച്ചടിയായി. 71-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ അവരുടെ പോരാട്ടം അവസാനിച്ചു.

ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ബ്രസീല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതാണ്.

South American World Cup qualifiers Brazil beat Uruguay Argentina beat Peru

മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പെറുവിനെ തോല്‍പ്പിച്ചു. 17-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസും 28-ാം മിനിറ്റില്‍ ലൗത്താരോ മാര്‍ട്ടിനസുമാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്.

ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാമതാണ് അര്‍ജന്റീന.

Content Highlights: South American World Cup qualifiers Brazil beat Uruguay Argentina beat Peru