ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ടോട്ടനത്തിനും ആഴ്‌സനലിനും തകര്‍പ്പന്‍ ജയം. ടോട്ടനം ലീഡ്‌സ് യുണൈറ്റഡിനെയും ആഴ്‌സനല്‍ വെസ്റ്റ് ബ്രോമിനെയും കീഴടക്കി. മറ്റുമത്സരങ്ങളില്‍ വോള്‍വ്‌സ് ബ്രൈട്ടണോട് സമനില വഴങ്ങിയപ്പോള്‍ ക്രിസ്റ്റല്‍ പാലസ് ഷെഫീല്‍ഡ് യുണൈറ്റഡിനെ കീഴടക്കി.

ടോട്ടനത്തിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ലീഡ്‌സിനെ കീഴടക്കിയത്. സൂപ്പര്‍താരങ്ങളായ ഹാരി കെയ്‌നും സണ്‍ ഹ്യൂങ് മിന്നും ടോബി ആല്‍ഡെര്‍വെയ്‌റെല്‍ഡും ടീമിനായി സ്‌കോര്‍ ചെയ്തു. സണ്‍ ടീമിനായി നേടുന്ന 100-ാം ഗോളായിരുന്നു ഇത്. ഇന്‍ജുറി ടൈമില്‍ മാറ്റ് ഡൊഹേര്‍ത്തി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടോട്ടനത്തിന് തിരിച്ചടിയായി. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ടീമിനായി. 16 മത്സരങ്ങളില്‍ നിന്നും 29 പോയന്റാണ് ടോട്ടനത്തിനുള്ളത്. ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമാണ് പട്ടികയില്‍ മുന്നില്‍.

വെസ്റ്റ്‌ബ്രോമിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്താണ് ആഴ്‌സനല്‍ വിജയം ആഘോഷിച്ചത്. അലക്‌സാണ്ട്രെ ലക്കാസെറ്റെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ കിയേറന്‍ ടിയേര്‍നെയ്, ബുകായോ സാക്ക എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. പോയന്റ് പട്ടികയില്‍ ഏറെ പിറകിലോട്ട് പോയി വലിയ ഭീഷണി നേരിട്ടിരുന്ന ആഴ്‌സനലിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ ടീം 11-ാം സ്ഥാനത്തേക്ക് കുതിച്ചു. ഒരു ഘട്ടത്തില്‍ 17-ാം സ്ഥാനത്തായിരുന്നു ഗണ്ണേഴ്‌സ്.

വോള്‍വ്‌സ്-ബ്രൈട്ടണ്‍ മത്സരത്തില്‍ ആറുഗോളുകള്‍ പിറന്നെങ്കിലും സമനിലയില്‍ അവസാനിച്ചു. വോള്‍വ്‌സിനായി റൊമെയ്ന്‍ സായിസ്, റൂബന്‍ നെവെസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഡാന്‍ ബേണിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ബ്രൈട്ടണുവേണ്ടി ആരോണ്‍ കോന്നോളി, നീല്‍ മൗപേയ്, ലൂയിസ് ഡങ്ക് എന്നിവര്‍ സ്‌കോര്‍ ചെയ്തു. 

തുടര്‍ച്ചയായി തോല്‍വികള്‍ നേരിട്ട ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പ്പിച്ചു. ടീമിനായി ജെഫ്ര ഷ്‌ലപ്പ്, എബെരെച്ചി എസ്സെ എന്നിവര്‍ സ്‌കോര്‍ ചെയ്തു. 

Content Highlights: Son scores 100th Tottenham goal in 3-0 win over Leeds in EPL