ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ ഇറ്റലിയോട് കീഴടങ്ങിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നേരിട്ട വംശീയാധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഇംഗ്ലണ്ട് താരം ബുകായോ സാക്ക.

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളൊന്നും ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ തടയാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും സാക്ക തുറന്നടിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് താരത്തിന്റെ പ്രതികരണം.

മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവര്‍ ഷൂട്ടൗട്ടില്‍ കിക്കുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇറ്റലി ഷൂട്ടൗട്ടില്‍ 3-2ന് ജയിച്ചതിനു പിന്നാലെ ഈ താരങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത അധിക്ഷേപങ്ങളാണ് ഉയര്‍ന്നത്.

മത്സര ശേഷം തനിക്ക് പിന്തുണ നല്‍കി സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് നന്ദിയറിയിച്ച 19-കാരന്‍ സാക്ക, ഓണ്‍ലൈനിലൂടെ ലഭിച്ച വിദ്വേഷകരമായ സന്ദേശങ്ങള്‍ക്കെതിരേ ശക്തമായി നിലകൊള്ളുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. 

മത്സര ശേഷം തനിക്ക് ലഭിക്കാന്‍ പോകുന്ന വിദ്വേഷ സന്ദേശങ്ങളെ കുറിച്ച് തല്‍ക്ഷണം തന്നെ അറിയാമായിരുന്നുവെന്നും ശക്തമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളൊന്നും ഇവ തടയാന്‍ പര്യാപ്തമല്ലെന്നും സാക്ക കുറിച്ചു. ഇത്തരം സന്ദേശങ്ങള്‍ക്ക് തന്നെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും സാക്ക കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള വംശീയാധിക്ഷേപങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കൊപ്പമാണ് അസോസിയേഷന്‍. എല്ലാ തരത്തിലുള്ള വിവേചനങ്ങളേയും എതിര്‍ക്കുമെന്നും അസോസിയേഷന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

അതേസമയം ഇംഗ്ലീഷ് താരങ്ങള്‍ അധിക്ഷേപം നേരിട്ട സംഭവത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: social media platforms not doing enough to prevent online racist abuse says Bukayo Saka