ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. താരതമ്യേന ദുര്‍ബലരായ വെസ്റ്റ് ബ്രോമിനോടാണ് ടീം സമനില വഴങ്ങിയത്. മറ്റുമത്സരങ്ങളില്‍ ആഴ്‌സനല്‍ വിജയിച്ചപ്പോള്‍ കരുത്തരായ എവര്‍ടണും സതാംപ്ടണും തോല്‍വി വഴങ്ങി.

വെസ്റ്റ് ബ്രോമിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിഞ്ഞു. രണ്ടാം മിനിറ്റിൽ ഡയാഗ്നെയിലൂടെ വെസ്റ്റ് ബ്രോം ലീഡെടുത്തെങ്കിലും 44-ാം മിനിറ്റിൽ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ യുണൈറ്റഡ് സമനില ഗോള്‍ നേടി. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ മിന്നും സേവുകളില്ലായിരുന്നെങ്കില്‍ ടീം തീര്‍ച്ചയായും തോല്‍വി രുചിച്ചേനേ. 

ഈ സമനിലയോടെ മാഞ്ചെസ്റ്റര്‍ സിറ്റിയുമായുള്ള കിരീടപ്പോരാട്ടത്തില്‍ യുണൈറ്റഡ് പിന്നോട്ടുപോയി. നിലവില്‍ 24 മത്സരങ്ങളില്‍ നിന്നും 46 പോയന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഒരു മത്സരം കുറച്ചു കളിച്ച സിറ്റിയ്ക്ക് 53 പോയന്റുകളായി. ഇരുടീമുകളും തമ്മിലുള്ള പോയന്റ് വ്യത്യാസം ഏഴായി. അടുത്ത മത്സരത്തില്‍ സിറ്റി ജയിച്ചാല്‍ അത് പത്താകും.

ലീഡ്‌സ് യുണൈറ്റഡിനെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ആഴ്‌സനല്‍ പരാജയപ്പെടുത്തിയത്. ഹാട്രിക്ക് നേടിയ പിയറി ഔബമെയാങ്ങും ഹെക്റ്റര്‍ ബെല്ലെറിനും ആഴ്‌സനലിന് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ലീഡ്‌സിനായി പാസ്‌കല്‍ സ്ട്രൂയിക്കും ഹെല്‍ഡര്‍ കോസ്റ്റയും സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ ആഴ്‌സനല്‍ പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് കയറി. 

തുല്യശക്തികളുടെ പോരാട്ടത്തില്‍ വോള്‍വ്‌സാണ് സതാംപ്ടണെ കീഴടക്കിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. വോള്‍വ്‌സിനായി റൂബെന്‍ നെവസും പെഡ്രോ നെറ്റോയും സ്‌കോര്‍ ചെയ്തപ്പോള്‍ സതാംപ്ടണായി ഡാനി ഇങ്‌സ് ഗോള്‍ നേടി. 

മറ്റൊരു മത്സരത്തില്‍ കരുത്തരായ എവര്‍ടണെ ഫുള്‍ഹാം അട്ടിമറിച്ചി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫുള്‍ഹാമിന്റെ വിജയം. ജോഷ് മാസയുടെ ഇരട്ട ഗോളുകളാണ് ടീമിന് തുണയായത്.

Content Highlights: Sluggish Manchester United held to 1-1 draw at lowly West Bromwich Albion