photo: Getty Images
മാഞ്ചെസ്റ്റര്‍: ഫുട്ബോള്‍ ലോകത്തെ ചൂടുപിടിപ്പിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍. റൊണാള്‍ഡോ അടുത്ത സീസണില്‍ യുണൈറ്റഡിന് വേണ്ടി കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി താരം മാഞ്ചെസ്റ്ററിലെത്തിയിട്ടുണ്ട്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകന് എറിക് ടെന്‍ ഹാഗുമായി റൊണാള്‍ഡോ കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും താരം യുണൈറ്റഡില്‍ തുടരുമോയെന്ന് വ്യക്തമാകൂ.
കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. അതിനാല്‍ തന്നെ ചാമ്പ്യന്‍സ് ലീഗിന് ചുവന്ന ചെകുത്താന്മാര് യോഗ്യത നേടിയിരുന്നില്ല. യുണൈറ്റഡ് വിട്ട് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയ ക്ലബ്ബുകളിലേക്ക് കൂടുമാറാനാണ് റോണോയുടെ ശ്രമം. കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്ക്കുന്ന താരം എന്ത് തീരുമാനമെടുക്കുമെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
റൊണാള്‍ഡോയുടെ കൂടുമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകന് സര് അലെക്സ് ഫെര്‍ഗൂസനും മാഞ്ചെസ്റ്ററിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ താരത്തിന്റെ ഏജന്റ് ഓര്‍ഗെ മെന്‍ഡസും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. റൊണാള്‍ഡോ അടുത്ത സീസണില്‍ ടീമില്‍ വേണമെന്ന നിലപാടിലാണ് കോച്ച് ടെന്‍ ഹാഗ്.
നേരത്തേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ-സീസണ് മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ വിട്ട് നിന്നിരുന്നു. കുടുംബപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു താരത്തിന്റെ പിന്മാറ്റം. എന്നാല്‍ റൊണാള്‍ഡോയുടെ അഭാവത്തിലും മികച്ച പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..