സൂറിച്ച്: കാഴ്ച്ചയില്ലാത്ത മകന്റെ കണ്ണായി മാറിയ അമ്മയ്ക്ക് ഫിഫയുടെ മികച്ച ആരാധികയ്ക്കുള്ള പുരസ്കാരം. സൂറിച്ചില്‍ നടന്ന ചടങ്ങില്‍ ഓട്ടിസം ബാധിച്ച, കണ്ണിന് കാഴ്ച്ചയില്ലാത്ത പന്ത്രണ്ടുകാരന് മകന് നിക്കോളാസിനൊപ്പം വന്ന് ആ അമ്മ പുരസ്കാരം സ്വീകരിച്ചു. നിറഞ്ഞ കൈയടികള്‍ക്കിടയിലൂടെ വേദിയിലെത്തിയ ആ അമ്മയുടെ പേര് സില്‍വിയ ഗ്രെക്കോ എന്നാണ്.
ബ്രസീലിയന്‍ ലീഗില്‍ പാല്‍മിറാസും ബൊട്ടാഫോഗയും തമ്മിലുള്ള മത്സരം കാണാനാണ് നിക്കോളാസ് അമ്മയോടൊപ്പമെത്തിയത്. പാല്‍മിറാസിന്റെ കടുത്ത ആരാധകരാണ് ഇരുവരും. ഈ അമ്മയും മകനും എല്ലാ മത്സരങ്ങളും കാണാന്‍ പോകും. അപ്പോഴെല്ലാം മൈതാനത്തെ കാഴ്ച്ചകള്‍ നിക്കോളാസിന് സില്‍വിയോ വിവരിച്ചുകൊടുക്കും. അതുപോലെ പാല്‍മിറാസിന്റെ മത്സരവും സില്‍വിയ മകന് ആവേശത്തോടെ പറഞ്ഞുകൊടുത്തു.
ഇതിന്റെ വീഡിയോ ആരോ പകര്‍ത്തി. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പ്രചരിച്ചു. ഇതോടെ സില്‍വിയയും നിക്കോളാസും ആരാധകരുടെ ഹൃദയത്തിലിടം നേടി. സില്‍വിയെ അഭിനന്ദിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ വന്നു. എല്ലാത്തിനും മറുപടി കൊടുത്ത് ഈ അമ്മ കുഴങ്ങി.
'ഞാന്‍ നല്‍കുന്നത് വൈകാരികമായ വിവരണമാണ്. പ്രൊഫഷണലായി പറയാന്‍ എനിക്ക് അറിയില്ല. ഞാന്‍ കാണുന്നതും എനിക്ക് തോന്നുന്നതും അവന് പറഞ്ഞുകൊടുക്കും. റഫറിയെ ചീത്ത വിളിക്കേണ്ട സാഹചര്യം വരുന്നത് വരെ ഞാന്‍ അവനോട് പറയും' അമ്പത്തിയാറുകാരിയായ സില്‍വിയ പറയുന്നു.
പണ്ടൊരിക്കല്‍ നെയ്മര്‍ നിക്കോളാസിനെ അദ്ദേഹത്തിന്റെ തോളില്‍ കയറ്റിയത് വാര്‍ത്തയായിരുന്നു. അന്ന് ഏത് ടീമിനെയാണ് ചെറുപ്പത്തില്‍ പിന്തുണച്ചതെന്ന് ചോദിച്ചപ്പോള്‍ നെയ്മറിന്റെ ഉത്തരവും പാല്‍മിറാസ് ആയിരുന്നു. അതുകൊണ്ടാണ് താനും തന്റെ മകനും പാല്‍മിറാസ് ആരാധകരായതെന്നും സില്‍വിയ പറയുന്നു.
Um pouco de Silvia Grecco e Nickollas no estádio
— insta: @Diariodetorcedor ™️ (@tweettorcidas) September 23, 2019
Vídeo: @SporTV pic.twitter.com/kwII63WLip
Content Highlights: Silvia Grecco FIFA best fan award woman narrates Palmeiras match to blind son