കീവ്: ചാമ്പ്യന്‍സ് ലീഗില്‍ അട്ടിമറിവിജയവുമായി ഷാക്തര്‍. കരുത്തരായ റയല്‍ മഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മറ്റുമത്സരങ്ങളില്‍ ഇന്റര്‍മിലാന്‍, ലിവര്‍പൂള്‍ എന്നീ ടീമുകള്‍ വിജയം നേടിയപ്പോള്‍ ബയേണ്‍ മ്യൂണിക്കും മാഞ്ചെസ്റ്റര്‍ സിറ്റിയും അത്‌ലറ്റിക്കോയും സമനില വഴങ്ങി.

ഷാക്തറിന്റെ ഹോംഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ റയലിനെതിരേ ഡെന്റീന്യോയും മാനോര്‍ സോളമനും സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ ഷാക്തര്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തി. റയലാകട്ടെ മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. ഈ തോല്‍വിയോടെ റയല്‍ മഡ്രിഡിന്റെ നോക്കൗട്ട് സാധ്യതകള്‍ക്ക് മങ്ങലേറ്റു. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇന്റര്‍മിലാന്‍ മോണ്‍ഷെങ്ഗ്ലാഡ്ബാക്കിനെ രണ്ടിനെതിരേ  മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ലുക്കാക്കു ഇരട്ട ഗോളുകള് നേടിയപ്പോള്‍ ഡാര്‍മിയന്‍ മൂന്നാം ഗോള്‍ നേടി. അലസാനെ പ്ലീയ മോണ്‍ഷെങ്ഗ്ലാഡ്ബാക്കിനായി ഇരട്ട ഗോളുകള്‍ നേടി. തോറ്റെങ്കിലും മോണ്‍ഷെങ്ഗ്ലാഡ്ബാക്കാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ഗ്രൂപ്പ് ഡിയില്‍ ലിവര്‍പൂള്‍ അയാക്‌സിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ചെമ്പടയുടെ വിജയം. കൊര്‍ട്ടോയിസ് ജോണ്‍സ് ടീമിന്റെ വിജയ ഗോള്‍ നേടി. ഈ ജയത്തോടെ ടീം ഗ്രൂപ്പില്‍ ഒന്നാമതെത്തി.

ഗ്രൂപ്പ് എയില്‍ ശക്തരുടെ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക് അത്‌ലറ്റിക്കോ മഡ്രിഡിനോട് സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി. അത്‌ലറ്റിക്കോയ്ക്കായി ജാവോ ഫെലിക്‌സ് ഗോള്‍ നേടിയപ്പോള്‍ ബയേണിനായി തോമസ് മുള്ളര്‍ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടി. 

ഗ്രൂപ്പ് സിയില്‍ പോര്‍ട്ടോയോട് മാഞ്ചെസ്റ്റര്‍ സിറ്റി ഗോള്‍ രഹിത സമനില വഴങ്ങി. എങ്കിലും സിറ്റിയാണ് ഗ്രൂപ്പില്‍ ഒന്നാമത്. 

Content Highlights: Shakthar beat Real Madrid Bayern draw with Athletico