മാഡ്രിഡ്: അങ്ങനെ ഒടുവില്‍ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം കാളപ്പോരിന്റെ നാട്ടില്‍ വീണ്ടും പന്തുരുണ്ടു. കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സ്പാനിഷ് ലാ ലിഗ പുനഃരാരംഭിച്ചപ്പോള്‍ നഗരവൈരികളായ റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സെവിയ്യ ഡെര്‍ബി ജയം സ്വന്തമാക്കി.

കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെവിയ്യ ഏകപക്ഷീയമായ ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. പിന്നീട് സെവിയ്യ താരം ഡിയോങ്ങിനെ മാര്‍ക്ക് ബാര്‍ട്ര ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ 56-ാം മിനിറ്റില്‍ ലൂക്കാസ് ഒക്കാംപോസ് സെവിയ്യയെ മുന്നിലെത്തിച്ചു. 62-ാം മിനിറ്റില്‍ ഒക്കാംപോസിന്റെ പാസില്‍ നിന്ന് ഫെര്‍ണാണ്ടോ സെവിയ്യയുടെ രണ്ടാം ഗോളും നേടി.

43,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള റമോണ്‍ സാഞ്ചസ് പിസ്യുവാന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. കാണികളില്ലാതെയാണ് മത്സരം നടന്നതെങ്കിലും ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ കാണികള്‍ നിറഞ്ഞ 'വെര്‍ച്വല്‍ ഗാലറി'യും അവരുടെ ആരവമുയരുന്ന 'ഫാന്‍ ഓഡിയോ'യും ഒരുക്കിയാണ് മത്സരം സംപ്രേക്ഷണം ചെയ്തത്. സ്റ്റേഡിയത്തില്‍ ശബ്ദം നിറയ്ക്കാന്‍ ഫിഫ വിഡിയോ ഗെയിമിന്റെ സ്രഷ്ടാക്കളായ ഇഎ സ്‌പോര്‍ട്‌സുമായിട്ടാണ് ലാ ലിഗയുടെ കരാര്‍.

ലീഗില്‍ 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സെവിയ്യ 50 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 33 പോയന്റുള്ള ബെറ്റിസ് 12-ാം സ്ഥാനത്തും.

ലീഗില്‍ 11 റൗണ്ട് മത്സരങ്ങള്‍ ശേഷിക്കെ ബാഴ്‌സലോണയും റയല്‍ മഡ്രിഡും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 27 കളികളില്‍ നിന്ന് 58 പോയിന്റുള്ള ബാഴ്‌സയാണ് ലീഗില്‍ ഒന്നാമത്. 56 പോയന്റോടെ റയല്‍ തൊട്ടുപിന്നിലുണ്ട്. ശനിയാഴ്ച റയല്‍ മയ്യോര്‍ക്കയുമായാണ് ബാഴ്‌സയുടെ ആദ്യ മത്സരം. റയല്‍ മഡ്രിഡ് ഞായറാഴ്ച ഐബറിനെ നേരിടും.

കോവിഡ്-19 ഉയര്‍ത്തിയ പ്രതിസന്ധിക്കു ശേഷം യൂറോപ്പിലെ മുന്‍നിര ഫുട്ബോള്‍ ലീഗുകളില്‍ പുനഃരാരംഭിച്ച രണ്ടാമത്തെ ലീഗാണ് ലാ ലിഗ. ജര്‍മന്‍ ബുണ്ടെസ് ലിഗയാണ് നേരത്തെ പുനഃരാരംഭിച്ചത്. പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ സീരി എ എന്നിവ അടുത്തയാഴ്ച ആരംഭിക്കും.

Content Highlights: Sevilla defeat Real Betis 2-0 in La Liga return