Photo: twitter.com/EuropaLeague
ബുഡാപെസ്റ്റ്: 2023 യൂറോപ്പ ലീഗ് കിരീടത്തില്‍ സെവിയ്യയുടെ മുത്തം. ആവേശകരമായ ഫൈനലില്‍ എ.എസ്.റോമയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് സെവിയ്യ കീഴടക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 ന് സമനില വഴങ്ങിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ സെവിയ്യ 4-1 ന് വിജയം നേടി.
ഷൂട്ടൗട്ടില്‍ മിന്നും പ്രകടനം കാഴ്ചവെച്ച സെവിയ്യ ഗോള്‍കീപ്പര്‍ യാസിന്‍ ബോനോയാണ് മത്സരത്തിലെ താരം. രണ്ട് ഉഗ്രന്‍ സേവുകളാണ് താരം ഷൂട്ടൗട്ടില്‍ നടത്തിയത്. റോമയുടെ പരിശീലകന്‍ ഹോസെ മൗറീന്യോയുടെ സ്വപ്‌നമാണ് സെവിയ്യ തകര്‍ത്തത്. അഞ്ചുതവണ യൂറോപ്പ ലീഗ് കിരീടം നേടിയ പരിശീലകന്റെ കരിയറിലെ ആദ്യ യൂറോപ്പ ഫൈനല്‍ തോല്‍വിയാണിത്.
മത്സരം തുടങ്ങി 35-ാം മിനിറ്റില്‍ അര്‍ജന്റീന സൂപ്പര്‍ താരം പൗലോ ഡിബാലയിലൂടെ റോമ മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ജിയാന്‍ലൂക്ക മാന്‍സീനി റോമയുടെ വില്ലനായി. താരത്തിന്റെ സെല്‍ഫ് ഗോളില്‍ സെവിയ്യ മത്സരത്തില്‍ സമനില നേടി. ഇതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. വൈകാതെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടില്‍ റോമയ്ക്കായി ആദ്യ കിക്കെടുത്ത ബ്രയാന്‍ ക്രിസ്റ്റാന്റെ മാത്രമാണ് ലക്ഷ്യം കണ്ടത്. പിന്നാലെ വന്ന മാന്‍സീനിയ്ക്കും റോജറിനും ലക്ഷ്യം തെറ്റി. സെവിയ്യയ്ക്ക് വേണ്ടി ലൂക്കാസ് ഒക്കാംപോസ്, എറിക് ലമേല, ഇവാന്‍ റാക്കിറ്റിച്ച്, ഗോണ്‍സാലോ മോണ്ടിയെല്‍ എന്നിവര്‍ വലകുലുക്കി. റോമ ഗോള്‍കീപ്പര്‍ റൂയി പാട്രീഷ്യോയ്ക്ക് രക്ഷകനാകാനായില്ല.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സെവിയ്യയുടെ പരിശീലകനായി സ്ഥാനമേറ്റയുടന്‍ തന്നെ യൂറോപ്പ ലീഗ് കിരീടം ടീമിന് നേടിക്കൊടുക്കാന്‍ പരിശീലകന്‍ ഹോസെ ലൂയിസ് മെന്‍ഡിലിബാറിന് സാധിച്ചു. യൂറോപ്പ ലീഗിലെ ആധിപത്യം സെവിയ്യ ഊട്ടിയുറപ്പിച്ചു. ടീം നേടുന്ന ഏഴാം യൂറോപ്പ ലീഗ് കിരീടമാണിത്. ഇതുവരെ ഫൈനലിലെത്തിയപ്പോഴെല്ലാം ടീം കിരീടം നേടിയിട്ടുണ്ട്.
Content Highlights: Sevilla Beat Roma On Penalties To Win Europa League
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..