കോഴിക്കോട്: രോഗത്തിന്റെ ലോക്ഡൗണില്‍ കുടുങ്ങി ദുരിതത്തിലായ ഘാന ഫുട്‌ബോള്‍ താരം ദെസ്ലു അലക്‌സാണ്ടര്‍ ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു. മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദെസ്ലു വ്യാഴാഴ്ച ആശുപത്രിവിട്ടു. ന്യൂഡല്‍ഹിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങും.

മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോ ടീമിനായി സെവന്‍സ് കളിക്കാന്‍ ഡിസംബറില്‍ കേരളത്തിലെത്തിയ ദെസ്ലുവിന് കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനായില്ല. അതിനിടെയാണ് മാരകമായ രോഗം ബാധിച്ചത്. ഒരുമാസംകൊണ്ട് 26 കിലോ കുറഞ്ഞ ദെസ്ലുവിന് അര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ സംശയിച്ചിരുന്നു.

ദെസ്ലുവിന്റെ നിസ്സഹായതാവസ്ഥയെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തയെത്തുടര്‍ന്ന് വെല്‍നസ് ഫൗണ്ടേഷന്‍ താരത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സൗജന്യ ചികിത്സയുമൊരുക്കി. മിംസിലെ വിദഗ്ധ പരിശോധനയില്‍ ദെസ്ലുവിനെ ഹോര്‍മോണ്‍ അസന്തുലനം കാരണമുള്ള പ്രശ്‌നമാണെന്ന് വ്യക്തമായി. ചികിത്സയെത്തുടര്‍ന്ന് ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടായി.

Also Read: വിധിയുടെ കാടന്‍ ടാക്ലിങ്; ദെസ്ലുവിന് ജീവിതത്തില്‍ ഡ്രിബിള്‍ ചെയ്ത് കയറണം

സൂപ്പര്‍ സ്റ്റുഡിയോ ടീം മാനേജര്‍ ഷമീറും അസി. മാനേജര്‍ എന്‍.കെ. മുബീലും ആശുപത്രിയില്‍ ഘാനാ താരത്തിന് കൂട്ടിരുപ്പുകാരായി. ഘാന എംബസിയുടെ ഇടപെടലാണ് താരത്തിന് നാട്ടിലേക്ക് പോവാന്‍ വഴിയൊരുങ്ങിയത്. നാട്ടില്‍ പ്രായമായ മാതാപിതാക്കളുടെയും രണ്ട് സഹോദരങ്ങളുടെയും ഏക ആശ്രയമാണ് ദെസ്ലു.

Content Highlights: sevens footballer deslu alexander to return home