സെവന്‍സ് മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ച ധന്‍രാജിനെ മലപ്പുറത്തെ കളിക്കമ്പക്കാര്‍ ഒരിക്കലും മറക്കില്ല. 2019 ഡിസംബര്‍ 29-നാണ് പുല്‍മൈതാനത്തുവീണ് ധന്‍രാജ് മരണത്തെ പുല്‍കിയത്. പെരിന്തല്‍മണ്ണ ഖാദറലി ആന്‍ഡ് മുഹമ്മദലി മത്സരമായിരുന്നു വേദി. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബ് തുടങ്ങിയ ടീമുകള്‍ക്കുേവണ്ടി കളിച്ചിട്ടുള്ള സന്തോഷ് ട്രോഫി താരം. ദേശീയ ടീമില്‍നിന്ന് വിരമിച്ച ശേഷം ധന്‍രാജ് സെവന്‍സ് മൈതാനത്തെ രാജാവായി തുടര്‍ന്നു. അപ്രതീക്ഷിത വിടവാങ്ങല്‍ ബന്ധുക്കളെപ്പോലെ തന്നെ കളിക്കമ്പക്കാരേയും വേദനിപ്പിച്ചു. കളിയെ പ്രണയിച്ച ധന്‍രാജിന്റെ കുടുംബത്തിനു വേണ്ടി സെവന്‍സ് മൈതാനത്ത് പന്തുരുണ്ടു. പെരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ ഒരു പ്രദര്‍ശനമത്സരം. കാണികള്‍ ഒഴുകിയെത്തി. ഒരൊറ്റ മത്സരത്തില്‍നിന്ന് ധന്‍രാജിന്റെ കുടുംബത്തിന് നാലേകാല്‍ ലക്ഷം സമാഹരിച്ചു നല്‍കി.

'പന്തുകൊണ്ടൊരു നേര്‍ച്ച, ഫലമെന്തുകൊണ്ടും തീര്‍ച്ച'-സെവന്‍സ് ഫുട്‌ബോള്‍ പ്രമേയമായ സുഡാനി ഫ്രം നൈജീരിയ സിനിമയിലെ ഈ ഗാനംപോലെത്തന്നെയാണ് സെവന്‍സും മലപ്പുറവും തമ്മിലുള്ള ബന്ധം. ആര്‍പ്പുവിളികള്‍ക്കും ആരവങ്ങള്‍ക്കുമപ്പുറം ഒരുപാടു പേരെ ജീവിപ്പിക്കുന്ന കാരുണ്യത്തിന്റെ ഉറവിടം. മത്സരത്തിലെ ഔദ്യോഗിക കളക്ഷനു പുറമെ പ്രദേശവാസികളുടെ ചികിത്സയ്ക്കായി മൈതാനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന തുക വേറേയുമുണ്ട്. കാണികള്‍ക്കു മുന്നിലൂടെ നീങ്ങുന്ന ബക്കറ്റില്‍ പരോപകാരത്തിനായുള്ള നാണയത്തുട്ടുകള്‍ വീഴും. ദിവസവും അരലക്ഷം രൂപവരെ കിട്ടുന്ന ടൂര്‍ണമെന്റുകളുണ്ടായിരുന്നു. ഡയാലിസിസ് ഉള്‍പ്പെടെ അടിയന്തരപ്രാധാന്യമുള്ള ചികിത്സകള്‍ക്ക് ഇത് വഴിതുറക്കും.

മലപ്പുറത്തെ ക്ലബ്ബുകളുടെ മുഖമുദ്രതന്നെ കാരുണ്യസേവനങ്ങളാണ്. ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നതാകട്ടെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൂടെയും. സുതാര്യമായ നടത്തിപ്പുതന്നെയാണ് പ്രധാന പ്രത്യേകത. അതിനായി ജനകീയകമ്മിറ്റികള്‍ രൂപവത്കരിക്കുന്നത് സര്‍വസാധാരണം. ആക്ഷേപങ്ങളില്ലാതെ ടൂര്‍ണമെന്റിന്റെ ലാഭവിഹിതം അര്‍ഹരിലെത്തും.

ലാഭവിഹിതം പൂര്‍ണമായും പാലിയേറ്റീവ് ക്ലിനിക്കുകളുടെ നടത്തിപ്പിനു മാത്രമായി നടത്തുന്ന ടൂര്‍ണമെന്റുകള്‍ തന്നെയുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ ഉന്നമനം, വൃക്കരോഗികളുടെ ചികിത്സ, നിര്‍ധനകുടുംബങ്ങള്‍ക്കുള്ള ഭവനനിര്‍മാണം, ബ്ലഡ് ഡോണേഴ്‌സ് ഫോറം, മെഡിക്കല്‍ ഉപകരണ വിതരണം, മെഡിക്കല്‍ക്യാമ്പുകള്‍, കുടിവെള്ളവിതരണം, വിദ്യാഭ്യാസ - സാമൂഹികപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നീക്കിവെക്കുന്ന ടൂര്‍ണമെന്റുകളുണ്ട്. മൈതാനങ്ങളുടെ നവീകരണവും ടൂര്‍ണമെന്റ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കാറുണ്ട്. തുടങ്ങുംമുന്പുതന്നെ ഓരോ മേഖലകളിലും ചെലവിടുന്ന വിഹിതം നിശ്ചയിക്കും. പിന്നീട് പരാതികള്‍ ഉയരാതിരിക്കാന്‍ വേണ്ടിയാണിത്.

കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണത്തിലും ക്ലബ്ബുകള്‍ തന്നെയാണ് അന്നും ഇന്നും മുന്നില്‍. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ മലപ്പുറത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് സ്വീകാര്യത കൂടുതലാണ്. കളി തുടങ്ങുന്നതിനുള്ള മൂലധനംനല്‍കാന്‍ നാട്ടുകാര്‍ മടിക്കാറില്ല. താത്കാലിക ഗാലറികെട്ടി മൈതാനം ഒരുക്കാനും പരസ്യച്ചെലവിലേക്കും പണം കൈയയച്ചുനല്‍കും.

നാടിന്റെ നന്‍മക്കെന്നപോലെ കളിക്കാര്‍ക്കും ടൂര്‍ണമെന്റ് വരുമാനമാര്‍ഗമാണ്. അംഗീകൃത സെവന്‍സുകള്‍ക്കു പുറമെ ഗ്രാമാന്തരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നൂറിലേറെ പ്രാദേശിക ടൂര്‍ണമെന്റുകള്‍ വേറേയുമുണ്ട്. 10 രൂപ ടിക്കറ്റ് നിരക്കില്‍ നടത്തുന്ന പ്രാദേശിക ടൂര്‍ണമെന്റുകളും അശരണരുടെയും പാലിയേറ്റീവ് ക്ലിനിക്കുകളുടെയും പ്രതീക്ഷയാണ്.

Content Highlights: Sevens Football in Malappuram save many lives