ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏഴുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഡിസംബര്‍ 14 നും 20 നും ഇടയില്‍ നടത്തിയ ടെസ്റ്റിനൊടുവിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതില്‍ താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെടും. 

1569 പേരെയാണ് ടെസ്റ്റിന് വിധേയരാക്കിയത്. രോഗം സ്ഥിരീകരിച്ചവരോട് 10 ദിവസം ഐസൊലേഷനില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം യു.കെയില്‍ പടരുന്നതിനിടെയാണ് പ്രീമിയര്‍ ലീഗില്‍ രോഗം സ്ഥിരീകരുക്കുന്നത് എന്ന കാര്യം ആശങ്ക ജനിപ്പിക്കുന്നു.

സീസണ്‍ തുടങ്ങിയപ്പോള്‍ തൊട്ട് ഇതുവരെ നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. 16 തവണ ടെസ്റ്റുകള്‍ നടത്തി. ന്യൂകാസില്‍ യുണൈറ്റഡിനെയാണ് കോവിഡ് ഏറ്റവുമധികം ബാധിച്ചത്. ക്ലബ് അംഗങ്ങള്‍ മുഴുവനും ഐസോലേഷനില്‍ പോകുകയും സ്‌റ്റേഡിയം അടച്ചിടുകയും ചെയ്തിരുന്നു. അതില്‍ നിന്നും മുക്തമായ ടീം ഈയിടെയാണ് കളിക്കാന്‍ വീണ്ടുമിറങ്ങിയത്. അതില്‍ രണ്ടു താരങ്ങള്‍ ഇതുവരെ രോഗത്തില്‍ നി്ന്നും മുക്തി നേടിയിട്ടില്ല. 

കഴിഞ്ഞ ആഴ്ചകളിലായി ചില ക്ലബ്ബുകള്‍ 2000 കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ വീണ്ടും സ്റ്റേഡിയങ്ങള്‍ അടച്ചിട്ടേക്കും. യു.കെയില്‍ മാത്രമായി 67000 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്. 

Content Highlights: Seven positive in latest round of Premier League COVID-19 tests