കോഴിക്കോട്: ഫുട്ബോള്‍ ഫെഡറേഷന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഗോകുലം കേരള എഫ്.സി. ഉള്‍പ്പെടെ ഏഴ് ഐ ലീഗ് ക്ലബ്ബുകള്‍ സൂപ്പര്‍ കപ്പില്‍നിന്ന് പിന്‍മാറി. ഐ.എസ്.എല്‍., ഐ ലീഗ് ടീമുകള്‍ മാറ്റുരയ്ക്കുന്ന സൂപ്പര്‍ കപ്പ് ഇതോടെ അനിശ്ചിതത്വത്തിലായി. ഭുവനേശ്വറില്‍ 15 മുതലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കേണ്ടത്.

ഐ ലീഗ് ചാമ്പ്യന്‍മാരായ ചെന്നൈ എഫ്.സി., കൊല്‍ക്കത്ത ടീം ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുന്‍ ചാമ്പ്യന്‍മാരായ നെറോക്ക എഫ്.സി., ഐസോള്‍ എഫ്.സി., മിനര്‍വ പഞ്ചാബ് ടീമുകളാണ് ഗോകുലത്തിനുപുറമേ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്‍മാറിയതായി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചത്. ഐ ലീഗിന്റെ ഭാവിയില്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 18-ന് ക്ലബ്ബ് അധികൃതര്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കത്തുനല്‍കിയിരുന്നു. ഇതിന് ഫെഡറേഷന്‍ മറുപടി നല്‍കിയില്ല.

അടുത്ത സീസണ്‍ മുതല്‍ ഐ.എസ്.എല്‍. ഒന്നാം ഡിവിഷന്‍ ലീഗും ഐ ലീഗ് രണ്ടാം ഡിവിഷനുമാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഏകീകൃത ലീഗ് വേണമെന്ന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് ഫെഡറേഷന്റെ ഭാഗത്തുനിന്ന് വ്യക്തമായ തീരുമാനമുണ്ടായില്ല. ഐ ലീഗാണ് ഔദ്യോഗിക ലീഗെന്നായിരുന്നു ഫെഡറേഷന്റെ മുന്‍നിലപാട്. ഐ.എസ്.എല്ലില്‍ അവസാന സ്ഥാനത്താകുന്ന ടീമുകളെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തുന്ന സമ്പ്രദായം നടപ്പാക്കിയിട്ടില്ല.

നേരത്തേ പ്രഖ്യാപിച്ചതില്‍നിന്ന് വിരുദ്ധമായി ഐ ലീഗ് മത്സരങ്ങള്‍ പൂര്‍ണമായി ലൈവ് ടെലികാസ്റ്റ് ചെയ്യാതിരുന്നതും ക്ലബ്ബുകളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഐ ലീഗിന്റെ ഭാവിയില്‍ വ്യക്തതയില്ലാത്തതുകാരണം സ്പോണ്‍സര്‍മാരെ ലഭിക്കുന്നില്ലെന്ന് ക്ലബ്ബുകള്‍ ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ സൂപ്പര്‍ കപ്പില്‍ കളിക്കാമെന്നും ക്ലബ്ബുകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

 Content Highlights: Seven I League clubs withdraw from Super Cup