മഡ്രിഡ്: റയല്‍ മഡ്രിന്റെ നായകനും വിശ്വസ്ത പ്രതിരോധ താരവുമായ സെര്‍ജിയോ റാമോസിന് കോവിഡ് 19 സ്ഥിരീകരിച്ചു. റയല്‍ മഡ്രിഡ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം ആദ്യവാരം മുതല്‍ മസിലിനേറ്റ പരിക്കുമൂലം താരം കളിക്കാനിറങ്ങിയിരുന്നില്ല. കോവിഡ് കൂടി ബാധിച്ചതോടെ ലിവര്‍പൂളിനെതിരായ രണ്ടാം പാദ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം റാമോസിന് നഷ്ടമാകും. 

ആദ്യ പാദ മത്സരത്തില്‍ റയല്‍ 3-1 എന്ന സ്‌കോറിന് വിജയിച്ചിരുന്നു. റാമോസിനെക്കൂടാതെ ഡാനി കാര്‍വാല്‍, ഈഡന്‍ ഹസാര്‍ഡ്, ലൂക്കാസ് വാസ്‌ക്വെസ് എന്നിവര്‍ പരിക്കുമൂലം ടീമില്‍നിന്നും പുറത്തായിരുന്നു. മറ്റൊരു താരമായ റാഫേല്‍ വരാനെയ്ക്കും ഈയിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ച റാമോസ് ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്. 

Content Highlights: Sergio Ramos tests positive for COVID-19