സെർജിയോ റാമോസ് | Photo: twitter| PSG
പാരിസ്: റയൽ മാഡ്രിഡിലെ 16 വർഷത്തെ കരിയർ അവസാനിപ്പിച്ച പ്രതിരോധ താരം സെർജിയോ റാമോസ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായി കരാറൊപ്പിട്ടു. പിഎസ്ജി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത രണ്ടു വർഷത്തേക്കാണ് കരാർ. റയലിൽ ലഭിച്ചിരുന്നതിനേക്കാൾ ഉയർന്ന പ്രതിഫലം നൽകിയാണ് 35-കാരനായ റാമോസിനെ പി.എസ്.ജിയിൽ എത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
റയലിനൊപ്പം നാല് തവണ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്താൻ റാമോസിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ രണ്ടു തവണയും കിരീടത്തിന് അടുത്തെത്തി പിഎസ്ജി വീഴുകയായിരുന്നു. കഴിഞ്ഞ തവണ സെമി ഫൈനലിലും അതിന് മുമ്പ് ഫൈനലിലും പി.എസ്.ജി പരാജയപ്പെട്ടു. റാമോസിന്റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി. മുൻ ഫ്രഞ്ച് ചാമ്പ്യൻമാർക്കൊപ്പം കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് കരാറൊപ്പിട്ട ശേഷം റാമോസ് വ്യക്തമാക്കി.
നിലവിൽ എംബാപ്പെയും നെയ്മറും എയ്ഞ്ചൽ ഡി മരിയയും അടക്കമുള്ള സൂപ്പർ താരങ്ങൾ പി.എസ്.ജിയിലുണ്ട്. കഴിഞ്ഞ ദിവസം മൊറോക്കൻ ഫുട്ബോൾ താരം അഷ്റഫ് ഹകീമിയും പി.എസ്.ജിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റാമോസ് കരാർ ഉറപ്പിച്ചത്.
Content Highlights: Sergio Ramos joins PSG on two year deal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..