മാഡ്രിഡ്: 2016-ലെ ലാ ലിഗയിൽ സെൽറ്റാ വിഗോയ്ക്കെതിരേ ബാഴ്സലോണ താരം ലയണൽ മെസ്സിയുടെ പെനാൽറ്റി അസിസ്റ്റ് ഫുട്ബോൾ ആരാധകർ മറന്നിട്ടുണ്ടാകില്ല. അന്ന് പെനാൽറ്റി അടിക്കുന്നതിന് പകരം സഹതാരം ലൂയി സുവാരസിന് പന്ത് നീക്കിക്കൊടുക്കുകയായിരുന്നു മെസ്സി. പന്ത് വലയിലെത്തിച്ച സുവാരസ് ആ മത്സരത്തിൽ ഹാട്രിക് ഗോളും പൂർത്തിയാക്കി. 1982-ൽ ഇതിഹാസ താരം യൊഹാൻ ക്രൈഫും ഇത്തരത്തിൽ പെനാൽറ്റി നേടിയിരുന്നു. പാസ് തിരിച്ചുമേടിച്ച് ക്രൈഫ് ഗോളടിച്ചു. ലാ ലിഗയിൽ ബാഴ്സലോണയും അയാക്സും തമ്മിലുള്ള മത്സരത്തിനിടെ ആയിരുന്നു ഈ ഗോൾ.

കഴിഞ്ഞ ദിവസം ലാ ലിഗയിൽ റയൽ മാഡ്രിഡ് കിരീടം നേടിയ മത്സരത്തിലും ഇങ്ങനെ ഒരു പെനാൽറ്റി കണ്ടു. എന്നാൽ ഇതു ഗോളായി മാറിയില്ല. റയലും വിയ്യാറയലും തമ്മിലുള്ള മത്സരത്തിന്റെ 75-ാം മിനിറ്റിലാണ് സംഭവം.

പെനാൽറ്റിയെടുത്തത് പതിവുപോലെ സെർജിയോ റാമോസ് തന്നെയാണ്. എന്നാൽ റാമോസ് പന്ത് മുന്നിലേക്ക് തട്ടിനീക്കി. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ഓടിയെത്തിയ കരീം ബെൻസേമ പന്ത് വലയിലെത്തിച്ചു. റയൽ താരങ്ങൾ ആഘോഷം തുടങ്ങി. എന്നാൽ റഫറി ഗോൾ അനുവദിച്ചില്ല. റാമോസ് കിക്ക് എടുക്കുന്നതിന് മുമ്പ് ബെൻസേമ ബോക്സിലേക്ക് കയറിയതാണ് റഫറി ഗോൾ തടയാൻ കാരണം.

Content Highlights: Sergio Ramos and Karim Benzema Cheeky Penalty Attempt Ends In Epic Fail