ബാഴ്സലോണ: ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ വിരമിക്കുന്നു. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം അടുത്തയാഴ്ച വിളിച്ചുചേര്‍ക്കുന്ന പത്രസമ്മേളനത്തില്‍ അഗ്യൂറോ അറിയിക്കുമെന്ന് സ്പാനിഷ് മാധ്യമം മാഴ്‌സയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രീസിയോ റൊമാനോയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഹൃദയ സംബന്ധമായ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയതിനാലാണ് താരം കളിക്കളം വിടാനൊരുങ്ങുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ്. 

അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിന്‍വലിക്കണമെന്ന് ബാഴ്‌സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരം നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു. സ്ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച താരം മെഡിക്കല്‍ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു.

ഇതിനു പിന്നാലെ താരത്തിന് മൂന്നുമാസം കളത്തിലിറങ്ങാന്‍ സാധിക്കില്ലെന്ന് ബാഴ്സലോണ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ താരത്തിന്റെ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തവണ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സയിലെത്തിയ അഗ്യൂറോയ്ക്ക് ഇതുവരെ അഞ്ചു മത്സരങ്ങള്‍ മാത്രമാണ് ക്ലബ്ബിനായി കളിക്കാനായത്. അതും വെറും 165 മിനിറ്റുകള്‍ മാത്രമാണ് താരം മൈതാനത്ത് ചിലവഴിച്ചത്. ഒക്ടോബര്‍ 17-ന് വലന്‍സിയക്കെതിരെയായിരുന്നു ബാഴ്‌സ ജേഴ്‌സിയില്‍ താരത്തിന്റെ ആദ്യ മത്സരം.

Content Highlights: Sergio Aguero to retire from football due to heart complications