ലണ്ടന്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ടീം വിടുന്നു. കഴിഞ്ഞ പത്തുവര്‍ഷങ്ങളായി സിറ്റിയ്ക്ക് വേണ്ടി കളിച്ച അര്‍ജന്റീനയുടെ താരമായ അഗ്യൂറോ വരുന്ന ജൂലായ് മാസത്തില്‍ പുതിയ ക്ലബ്ബിലേക്ക് ചേക്കേറും.

ജൂലായില്‍ താരവുമായുള്ള സിറ്റിയുടെ കരാര്‍ അവസാനിക്കും. കരാര്‍ പുതുക്കുന്നില്ലെന്ന് അഗ്യൂറോയും സിറ്റിയും വ്യക്തമാക്കി. കഴിഞ്ഞ കുറേ മത്സരങ്ങളായി താരം സിറ്റിയ്ക്ക് വേണ്ടി കളിക്കുന്നില്ല. പരിക്കും പുതിയ താരങ്ങളുടെ വരവും താരത്തിന് വിനയായി. 

2011-ല്‍ അത്‌ലറ്റിക്കോ മഡ്രിഡില്‍ നിന്നാണ് അഗ്യൂറോ സിറ്റിയിലെത്തിയത്. സിറ്റിയ്ക്കായി 384 മത്സരങ്ങളില്‍ നിന്നും 257 ഗോളുകളാണ് താരം നേടിയത്. സിറ്റിയ്ക്കായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോഡ് അഗ്യൂറോയുടെ പേരിലാണ്. 

'സിറ്റിയ്ക്ക് വേണ്ടി പത്ത് സീസണുകളില്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഈയൊരു കാലഘട്ടത്തില്‍ ഒരു താരത്തിന് ഒരു ക്ലബ്ബിനുവേണ്ടി ഇത്രയും കാലം കളിക്കാന്‍ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. സിറ്റിയ്ക്കായി ബാക്കിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നാണ് എന്റെ ആഗ്രഹം.'-അഗ്യൂറോ പറഞ്ഞു.

മേയ് 23 നാണ് ഈ സീസണിലെ സിറ്റിയുടെ അവസാന പ്രീമിയര്‍ ലീഗ് മത്സരം. അന്ന് അഗ്യൂറോയ്ക്കായി വിടവാങ്ങല്‍ മത്സരം സിറ്റി നടത്തിയേക്കും. 32 കാരനായ അഗ്യൂറോ ഈ സീസണില്‍ 14 മത്സരങ്ങളാണ് കളിച്ചത്. മൂന്നുതവണ ഗോള്‍ നേടുകയും ചെയ്തു. 

Content Highlights: Sergio Aguero to leave Manchester City, bring 10-year long association to an end in summer