Photo: AFP
ബ്യൂണസ് ഐറിസ്: ഈ വര്‍ഷം ഖത്തര്‍ ലോകകപ്പിനെത്തുന്ന അര്‍ജന്റീന ടീമിനൊപ്പം താനും ഉണ്ടാകുമെന്ന് മുന്‍ താരം സെര്‍ജിയോ അഗ്യൂറോ. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം 2021 ഡിസംബറില്‍ 33-കാരനായ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
അര്‍ജന്റീന ടീമിനൊപ്പം ബാക്ക്‌റൂം സ്റ്റാഫായി താന്‍ ഉണ്ടാകുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ) പ്രസിഡന്റ് ക്ലൗഡിയോ ടാപിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അഗ്യൂറോ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം 18 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിനാണ് ഡിസംബറില്‍ താരം വിരാമമിട്ടത്. 400-ലധികം ഗോളുകള്‍ ഇക്കാലയളവില്‍ അഗ്യൂറോ സ്‌കോര്‍ ചെയ്തിരുന്നു.
എ.എഫ്.എ പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വരും ആഴ്ചകളില്‍ അറിയിക്കുമെന്നും എന്തായാലും ലോകകപ്പ് ടീമിനൊപ്പം താന്‍ ഉണ്ടാകുമെന്നും ടി.വി.സി സ്‌പോര്‍ട്‌സിനോട് താരം പറഞ്ഞു.
ഡിസംബര്‍ 15-ന് ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഗ്യൂറോ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളാണ് അഗ്യൂറോയുടെ വിരമിക്കലിലേക്ക് നയിച്ചത്. ഒക്ടോബറില്‍ ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഹൃദയ സംബന്ധമായ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയതിനാല്‍ താരം കളിയവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിന്‍വലിക്കണമെന്ന് ബാഴ്സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരം നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു. സ്‌ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച താരം മെഡിക്കല്‍ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ താരത്തിന്റെ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇത്തവണ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്സയിലെത്തിയ അഗ്യൂറോയ്ക്ക് അഞ്ചു മത്സരങ്ങള്‍ മാത്രമാണ് ക്ലബ്ബിനായി കളിക്കാനായത്.
Content Highlights: sergio aguero said he will be part of Argentina squad at FIFA World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..