ലണ്ടന്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഇതിഹാസതാരങ്ങളുടെ പട്ടികയില്‍ തന്റെ പേര് ചേര്‍ത്തുവെച്ചിട്ടാണ് സെര്‍ജി അഗ്യൂറോ ക്ലബ്ബ് വിടുന്നത്. ക്ലബ്ബിനായി പ്രീമിയര്‍ ലീഗിലെ അവസാനമത്സരം രണ്ട് ഗോളോടെ ഗംഭീരമാക്കിയ അര്‍ജന്റീന താരത്തിന് ഒരാഗ്രഹംകൂടി ബാക്കിയുണ്ട്. അത് ചാമ്പ്യന്‍സ് ലീഗ് കിരീടമാണ്.

ഇംഗ്ലീഷ് ക്ലബ്ബിനായുള്ള അവസാനമത്സരം മേയ് 29-ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ്. അന്ന് ചെല്‍സിക്കെതിരേ കളിക്കാനിറങ്ങുമ്പോള്‍ ഗോളും കിരീടവും അഗ്യൂറോ സ്വപ്നം കാണുന്നുണ്ട്. സിറ്റിക്ക് ഇതുവരെ ലഭിക്കാത്ത കിരീടംകൂടി നേടിക്കൊടുക്കാനും അവസാന സീസണ്‍ അവിസ്മരണീയമാക്കാനും അഗ്യൂറോ ശ്രമിക്കുമെന്നുറപ്പ്.

കഴിഞ്ഞ പത്ത് സീസണുകളിലായി സിറ്റി നിരയില്‍ അഗ്യൂറോയുണ്ട്. അത്ലറ്റിക്കോ മഡ്രിഡില്‍നിന്ന് വന്നതുമുതല്‍ ടീമിലെ പ്രധാനി. നടപ്പു സീസണില്‍ പരിക്കുമൂലം കാര്യമായി കളിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, അവസാന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പകരക്കാരനായെത്തി എവര്‍ട്ടണിനെതിരേ ഇരട്ടഗോള്‍ നേടി ഫിനിഷിങ്ങിലെ മൂര്‍ച്ച കുറഞ്ഞില്ലെന്ന് ആരാധകരെ ബോധ്യപ്പെടുത്തി. ലീഗില്‍ ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന (184) താരമെന്ന റെക്കോഡും സ്വന്തമാക്കി. ഇനി അഗ്യൂറോക്കും സിറ്റിക്കും വേണ്ടത് ചാമ്പ്യന്‍സ് ലീഗ് കിരീടമാണ്.

ചെല്‍സിക്കെതിരേ ഫൈനലില്‍ അഗ്യൂറോയെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള പരീക്ഷിക്കുമെന്നുറപ്പാണ്. അഗ്യൂറോ കിരീടപ്പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്ന് പെപ്പും സിറ്റി ആരാധകരും കരുതുന്നുണ്ട്.

ക്ലിനിക്കല്‍ ഫിനിഷറുടെ അഭാവം സീസണില്‍ കാര്യമായി അറിഞ്ഞിട്ടില്ലെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത് നിര്‍ണായകമാണ്. ലീഗ് മത്സരങ്ങളും ഫൈനല്‍ പോരാട്ടങ്ങളും ഒരേ അളവുകോലില്‍ കാണാന്‍ പെപ്പും തയ്യാറാകില്ല. പോര്‍ട്ടോയിലെ ഫൈനല്‍ വിസിലിനുശേഷം അഗ്യൂറോയും പെപ്പും ചേര്‍ന്ന് കപ്പുയര്‍ത്തുമോ അതോ തോമസ് ടുച്ചലിന്റെ ചെല്‍സി കിരീടം തിരിച്ചുപിടിക്കുമോയെന്ന ആകാംക്ഷയും ആവേശവും ഫുട്ബോള്‍ പ്രേമികളിലും നിറയുന്നുണ്ട്.

Content Highlights: Sergio Aguero Manchester City farewell