ലിസ്ബണ്‍: മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ ഹെഡര്‍ വന്ന് പതിച്ചത് പോര്‍ച്ചുഗലിന്റെ ലോകകപ്പ് സ്വപ്‌നങ്ങളിലേക്കായിരുന്നു. 

ഗ്രൂപ്പ് എയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ ഒന്നിനെതിരേ രണ്ടു ഗോളിന് തകര്‍ത്ത് സെര്‍ബിയ ഖത്തര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. 

ഇതോടെ പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യതയ്ക്കായി മാര്‍ച്ചില്‍ നടക്കുന്ന പ്ലേ ഓഫ് വരെ കാത്തിരിക്കണം. 

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ റെനറ്റോ സാഞ്ചസിലൂടെ പോര്‍ച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി.

ഗോള്‍ വീണോടെ ഉണര്‍ന്നുകളിച്ച സെര്‍ബിയ 33-ാം മിനിറ്റില്‍ ദുസാന്‍ ടാഡിച്ചിലൂടെ സമനില പിടിച്ചു. ലോകകപ്പ് യോഗ്യതയ്ക്ക് ഒരു സമനില മാത്രം മതിയായിരുന്ന പോര്‍ച്ചുഗല്‍ അതിന്റെ അലസത മൈതാനത്ത് കാണിച്ചു. 

എന്നാല്‍ ഈ അലസതയ്ക്ക് കളിയുടെ അവസാന നിമിഷം അവര്‍ക്ക് തിരിച്ചടി കിട്ടി. 90-ാം മിനിറ്റില്‍ ടാഡിച്ചിന്റെ ക്രോസില്‍ തലവെച്ച് അലക്‌സാണ്ടര്‍ മിത്രോവിച്ച് സെര്‍ബിയക്കായി ഖത്തറിലേക്ക് നേരിട്ട് ടിക്കറ്റെടുത്തു. യോഗ്യതാ മത്സരങ്ങളില്‍ താരത്തിന്റെ എട്ടാം ഗോളിയിരുന്നു ഇത്. 

ഗ്രൂപ്പില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായാണ് സെര്‍ബിയയുടെ ലോകകപ്പ് പ്രവേശനം. എട്ടു കളികളില്‍ നിന്ന് 17 പോയന്റാണ് പോര്‍ച്ചുഗലിന്റെ അക്കൗണ്ടിലുള്ളത്.

Content Highlights: serbia shocks portugal to qualify for the world cup in qatar