കോഴിക്കോട്: ദേശീയ വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് സമനില. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മധ്യപ്രദേശാണ് കേരളത്തെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 

ആദ്യ പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 18-ാം മിനിറ്റിൽ ശില്‍പ സാനിയിലൂടെ മധ്യപ്രദേശാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 20-ാം മിനിട്ടില്‍ സി.രേഷ്മയിലൂടെ കേരളം സമനില ഗോള്‍ കണ്ടെത്തി. 

ഈ സമനിലയോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ മാത്രമാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക. കേരളത്തെ മറികടന്ന് മിസോറാം ക്വാര്‍ട്ടറിൽ പ്രവേശിച്ചു. 

മിസോറാമിനോട് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളം രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ കേരളം ഉത്തരാഖണ്ഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 

Content Highlights: Senior Women's National Football Championship, kerala vs madhyapradesh