Photo: AP
യാവോണ്‍ഡെ (കാമറൂണ്‍): സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും നേര്‍ക്കുനേര്‍ വന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ അവസാന ചിരി മാനെയുടെ സെനഗഗലിന് സ്വന്തം. എട്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ ഈജിപ്തിന് നിരാശയോടെ മടക്കം.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഈജിപ്തിനെ 4-2ന് വീഴ്ത്തി സെനഗല്‍ തങ്ങളുടെ കന്നി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടത്തില്‍ മുത്തമിട്ടു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമിനും ഗോളടിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് (0-0) മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മാനെ ഒടുവില്‍ ഷൂട്ടൗട്ടില്‍ പന്ത് വലയിലെത്തിച്ച് സെനഗലിനെ കിരീടത്തിലേക്ക് നയിച്ചു. ഏഴാം മിനിറ്റില്‍ മാനെ എടുത്ത പെനാല്‍റ്റി കിക്ക് ഈജിപ്ത് ഗോള്‍കീപ്പര്‍ മുഹമ്മദ് അബു ഗബാല്‍ തടുത്തിടുകയായിരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ മുന്നേറ്റത്തില്‍ ഒരുമിച്ചുകളിക്കുന്ന മാനെയ്ക്കും സലയ്ക്കും ഫൈനലില്‍ പക്ഷേ ആ മികവിനൊത്ത് ഉയരാന്‍ സാധിച്ചില്ല.
പ്രീ ക്വാര്‍ട്ടറില്‍ ഐവറികോസ്റ്റിനെതിരെയും ക്വാര്‍ട്ടറില്‍ മൊറോക്കോയ്ക്കെതിരെയും സെമിയില്‍ കാമറൂണിനെതിരെയും അധിക സമയത്തേക്ക് നീണ്ട മത്സരങ്ങള്‍ കളിച്ചെത്തിയ ഈജിപ്ത് താരങ്ങള്‍ക്ക് ഫൈനലില്‍ മികവ് പുറത്തെടുക്കാനായില്ല.
ഷൂട്ടൗട്ടില്‍ സെനഗലിനായി കാലിഡൗ കൗലിബലി, അബു ഡിയാല്ലോ, ബാംബ ഡിയെങ്, സാദിയോ മാനെ എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ബൗന സാര്‍ കിക്ക് നനഷ്ടപ്പെടുത്തി. ഈജിപ്ത് നിരയില്‍ അഹമ്മദ് സയ്ദ്, മര്വാന് ഹംദി എന്നിവര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. മുഹമ്മദ് അബ്ദല്മോനെം, മൊഹനാദ് ലഷീന് എന്നിവരുടെ കിക്ക് പാഴായി.
Content Highlights: senegal beat egypt on penalties wins first African Cup of Nations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..