''ആരാധകരുടെ പ്രതീക്ഷകള്‍ ഏറെയുള്ളതിനാല്‍ സമ്മര്‍ദമുണ്ട്. നിലവിലെ ചാമ്പ്യന്‍മാരാണെന്നതിനാല്‍ പ്രത്യേകിച്ചും. എന്നാല്‍, ഒത്തൊരുമയോടെ കളിക്കുന്ന ടീമാണ് നമ്മുടേത്. കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.'' 

ഏതാനും വാക്യങ്ങള്‍ കൊണ്ട് കേരളത്തിന്റെ ഇത്തവണത്തെ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ എസ്. സീസണ്‍ ടീമിന്റെ സാധ്യതകളുടെയും പ്രതീക്ഷകളുടെയും രൂപരേഖ വരച്ചിട്ടു. കളിയെ കുറിച്ചുള്ള അളന്നുമുറിച്ച ഈ ധാരണ തന്നെയാകും സീസണെ ഇത്തവണത്തെ സന്തോഷ് ട്രോഫി ടീമിന്റെ നായകനാക്കാന്‍ പരിശീലകന്‍ വി.പി ഷാജിയെ പ്രേരിപ്പിച്ച പ്രധാന ഘടകവും.

നാല് സന്തോഷ് ട്രോഫികളുടെ അനുഭവസമ്പത്തുള്ള സീസണ്‍ കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു. കിരീടം നേടിയ ടീമിന്റെ ഭാഗമായതിനൊപ്പം ഇത്തവണ ടീമിനെ നയിക്കാനും അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഈ മിഡ്ഫീല്‍ഡര്‍ പറയുന്നു. ഇന്ന് പ്രഖ്യാപിച്ച ഇരുപതംഗ ടീമിനെ കുറിച്ചും സീസണ് നിറഞ്ഞ പ്രതീക്ഷ.

seesan to lead kerala in santosh trophy team

''ടീമില്‍ പരിചയസമ്പന്നര്‍ക്കൊപ്പം തന്നെ യുവതാരങ്ങളുമുണ്ട്. അണ്ടര്‍ 21-ല്‍നിന്ന് വന്നവര്‍ മികവുള്ളവരാണ്. എല്ലാ പൊസിഷനുകളിലും സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളുമുണ്ട് എന്നതാണ് പ്രത്യേകത. തിരുവനന്തപുരത്തും എറണാകുളത്തുമായി നടന്ന ക്യാമ്പോടെ ടീം സെറ്റായിട്ടുണ്ട്.  എല്ലാവരും ഒത്തൊരുമിച്ച് കളിക്കുന്നു എന്നതാണ് ടീമിനെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായ കാര്യം.''

''മികച്ച കോച്ചിങ് സ്റ്റാഫാണ് നമുക്കുള്ളത്. കോച്ച് ഷാജി സാര്‍ കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും പരിചയസമ്പന്നനായ ആളാണ്. അസിസ്റ്റന്റ് കോച്ച് മില്‍ട്ടണ്‍ സാറും ഗോള്‍ കീപ്പിങ് കോച്ച് സുബീഷ് സാറുമെല്ലാം മികച്ച പിന്തുണയാണ് നല്‍കുന്നത്.''

കിരീടം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യമെങ്കിലും ഇപ്പോള്‍ ഫസ്റ്റ് റൗണ്ടിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും സീസണ്‍ പറയുന്നു. ''ആദ്യ മത്സരം തെലങ്കാനയുമായിട്ടാണ്. ജയത്തോടെ തുടങ്ങണമെന്നാണ് ആഗ്രഹം. എന്നാല്‍, സൗത്ത് സോണ്‍ മത്സരങ്ങളില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തെലങ്കാന മികച്ച ടീമാണെങ്കില്‍ ഗ്രൂപ്പിലെ മറ്റൊരു ടീമായ സര്‍വീസസ് കടുത്ത എതിരാളികളാണ്. പോണ്ടിച്ചേരിയും തള്ളിക്കളായാവുന്നവരല്ല. എല്ലാ മത്സരങ്ങളും ജയിച്ച് മുന്നേറുക എന്നതാണ് ലക്ഷ്യം.''

seesan to lead kerala in santosh trophy team

തിരുവനന്തപുരം പൊഴിയില്‍ സ്വദേശിയാണ് എസ്.ബി.ഐ താരമായ സീസണ്‍. അച്ഛന്‍ സിലുവ പിള്ള മത്സ്യത്തൊഴിലാളിയാണ്. അമ്മ റാണി. അനിയന്‍ ഷിനു കര്‍ണാടക സന്തോഷ് ട്രോഫി ക്യാമ്പിലുണ്ട്. ജ്യേഷ്ഠന്‍ ഗില്‍ബെര്‍ട്ട് ഡെക്കാത്തലണില്‍ മാനേജറാണ്.

Content Highlights: seesan to lead kerala in santosh trophy team