ചാമ്പ്യന്‍സ് ലീഗില്‍ അത്ഭുത പ്രകടനവുമായി അയാക്‌സിന്റെ മുന്നേറ്റതാരം സെബാസ്റ്റ്യന്‍ ഹാളര്‍. അയാക്‌സിനായി ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റ മത്സരം കളിച്ച ഹാളര്‍ സ്‌പോര്‍ട്ടിങ് ലിസ്ബണിനെതിരായ മത്സരത്തില്‍ നാലുഗോളുകളാണ് അടിച്ചുകൂട്ടിയത്. 

മത്സരത്തില്‍ അയാക്‌സ് 5-1 ന് സ്‌പോര്‍ട്ടിങ്ങിനെ കീഴടക്കി. 2021 ജനുവരിയിലാണ് ഹാളര്‍ അയാക്‌സിലെത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡില്‍ നിന്ന് 22.5 മില്യണ്‍ യൂറോയ്ക്കാണ് (ഏകദേശം 195 കോടി രൂപ) ഹാളര്‍ അയാക്‌സിലെത്തിയത്. അയാക്‌സിനുവേണ്ടി ഇതുവരെ 54 മത്സരങ്ങള്‍ കളിച്ച താരം 14 തവണ ലക്ഷ്യം കണ്ടു. 

സ്‌പോര്‍ട്ടിങ്ങിനെതിരേ ഹാളര്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ 2, 9, 53, 63 മിനിട്ടുകളില്‍ താരം ലക്ഷ്യം കണ്ടു. 27 കാരനായ ഹാളര്‍ കഴിഞ്ഞ ആഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാമറൂണിനെതിരേ ഐവറി കോസ്റ്റിന് വേണ്ടി ആദ്യ ഒന്‍പത് മിനിട്ടിനുള്ളില്‍ തന്നെ രണ്ട് ഗോളുകള്‍ നേടിയിരുന്നു. മത്സരത്തില്‍ ഐവറി കോസ്റ്റ് 2-1 ന് വിജയം നേടുകയും ചെയ്തു. 

ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ നാലുഗോളുകള്‍ നേടുന്ന ആദ്യ ഐവറി കോസ്റ്റ് താരം, ആദ്യ അയാക്‌സ് താരം എന്നീ റെക്കോഡുകള്‍ ഹാളര്‍ സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ നാല് ഗോള്‍ നേടുന്ന 15-ാം താരം കൂടിയാണ് ഹാളര്‍.

Content Highlights: Sebastien Haller's dream Champions League debut gives Ajaz big opening victory