ബെല്‍ഗ്രേഡ്: 23 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സ്‌കോട്‌ലന്‍ഡ് ഫുട്‌ബോള്‍ ടീം യൂറോകപ്പിന് യോഗ്യത നേടി. സെര്‍ബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് സ്‌കോട്‌ലന്‍ഡ് യോഗ്യത സ്വന്തമാക്കിയത്. 

കരുത്തരായ സെര്‍ബിയയ്‌ക്കെതിരെ 52-ാം മിനിട്ടില്‍ റയാന്‍ ക്രിസ്റ്റിയിലൂടെ സ്‌കോട്‌ലന്‍ഡാണ് ലീഡെടുത്തത്. എന്നാല്‍ കളിയവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കെ ലൂക്ക ജോവിച്ചിലൂടെ സെര്‍ബിയ സമനില നേടി. മത്സരം അധിക സമയത്തേക്ക് നീണ്ടെങ്കിലും ഇരുടീമുകള്‍ക്കും പിന്നീട് വല ചലിപ്പിക്കാനായില്ല. ഒടുവില്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. 

സ്‌കോട്‌ലന്‍ഡ് അഞ്ച് കിക്കുകളും വലയിലെത്തിച്ചപ്പോള്‍ നാലെണ്ണമേ സെര്‍ബിയയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. അലെക്‌സാണ്ടര്‍ മിട്രോവിച്ചെടുത്ത കിക്ക് മികച്ച ഒരു ഡൈവിലൂടെ സേവ് ചെയ്ത് സ്‌കോട്ടിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് മാര്‍ഷലാണ് ടീമിന് വിജയം സമ്മാനിച്ചത്. 

കഴിഞ്ഞ പത്ത് പ്രധാന ടൂര്‍ണമെന്റുകളിലും യോഗ്യത നേടാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. 1996-ല്‍ നടന്ന ഫ്രാന്‍സ് ലോകകപ്പാണ് സ്‌കോട്‌ലന്‍ഡ് അവസാനമായി പങ്കെടുത്ത പ്രധാന ടൂര്‍ണമെന്റ്. യൂറോകപ്പിലാകട്ടെ 1996-ലാണ് ടീം അവസാനമായി പങ്കെടുത്തത്. 

കോച്ച് ക്ലാര്‍ക്കിന്റെ കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ടീം ഇപ്പോള്‍ പുറത്തെടുക്കുന്നത്. കഴിഞ്ഞ 9 മത്സരങ്ങളിലും അവര്‍ പരാജയമറിഞ്ഞില്ല. യൂറോകപ്പില്‍ ഡി ഗ്രൂപ്പിലാണ് സ്‌കോട്‌ലന്‍ഡ് മത്സരിക്കുക. മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പില്‍ കരുത്തരായ ഇംഗ്ലണ്ട്, ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക് എന്നിവരാണ് സ്‌കോട്‌ലന്‍ഡിനോട് കൊമ്പുകോര്‍ക്കുക. 

സ്‌കോട്‌ലന്‍ഡിനെക്കൂടാതെ ഹംഗറി, സ്ലൊവാക്യ, കുഞ്ഞന്മാരായ നോര്‍ക്ക് മാസിഡോണിയ തുടങ്ങിയ ടീമുകളും യൂറോകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 2020-ല്‍ നടക്കേണ്ടിയിരുന്ന യൂറോകപ്പ് കോവിഡ് വ്യാപനം മൂലം നീട്ടിവെയ്ക്കുകയായിരുന്നു. നിലവില്‍ 2021 ജൂണ്‍-ജൂലായ് മാസങ്ങളിലായാണ് മത്സരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

Content Highlights: Scotland's agonising 23-year absence from major men's tournaments is finally over after an historic shootout victory over Serbia.