മാലി: ഗോളടിക്കുന്നതില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരാജയപ്പെടുന്നുവെന്ന് സമ്മതിച്ച് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. സാഫ് കപ്പ് ഫുട്‌ബോളില്‍ ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ നേപ്പാളിനെതിരേയാണ് വിജയം നേടിയത്. 

ഈ വിജയത്തിനുശേഷമാണ് സ്റ്റിമാച്ച് പ്രതികരണവുമായി രംഗത്തെത്തിയത്. ' നേപ്പാളിനെ തോല്‍പ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. സാഫ് കപ്പിന്റെ ഫൈനലില്‍ ഇടംനേടാനാകുമെന്നുതന്നെയാണ് പ്രതീക്ഷ. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഗോളടിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ല. അതിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ഇനിയുള്ള പരിശീലനം കൂടുതല്‍ ഗോളടിക്കുന്നതിനുവേണ്ടിയുള്ളതാണ്' -സ്റ്റിമാച്ച് പറഞ്ഞു. 

നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയാണ് വിജയഗോള്‍ നേടിയത്. ഛേത്രിയുടെ ഫോമില്‍ അതിയായി സന്തോഷിക്കുന്നുവെന്നും പെലെയുടെ റെക്കോഡിനൊപ്പം എത്താന്‍ അദ്ദേഹത്തിന് സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും സ്റ്റിമാച്ച് കൂട്ടിച്ചേര്‍ത്തു. ഛേത്രിയ്ക്ക് കൂടുതല്‍ ഗോളുകള്‍ നേടാന്‍ അവസരമൊരുക്കുമെന്നും സ്റ്റിമാച്ച് പറഞ്ഞു. 

നിലവില്‍ പോയന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മാലദ്വീപിനെതിരായ അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് ടിക്കറ്റെടുക്കാം. 

Content Highlights:Scoring is an area where we need to improve, says India coach Stimac