കേരളം ഇന്ന് കലാശപ്പോരാട്ടത്തിന് മൈതാനത്ത് ഇറങ്ങിയപ്പോള്‍ അഫ്ദാലിന്റെ വല്യുമ്മ പ്രാര്‍ത്ഥനയിലായിരുന്നു. കൊച്ചുമകന് കിരീടത്തില്‍ മുത്തമിടുന്നത് കാണാന്‍. വല്യമ്മയുടെ മുത്തുവാണ് അഫ്ദാല്‍ വീട്ടില്‍.
'എന്താ പറയുക എന്നറിയില്ല. പടച്ചോന് പ്രാര്‍ത്ഥന കേട്ടു. കേരളത്തിന് സന്തോഷ് ട്രോഫി കിട്ടിയതില്‍ വളരെ സന്തോഷം അവന് മുത്തുവല്ല, എന്റെ മുത്താണ്.'- വല്യൂമ്മ പറഞ്ഞ് തീര്‍ത്തപ്പോള്‍ ചുറ്റും കൂടി നിന്നവരെല്ലാവരും കയ്യടിച്ചു.
സഹോദരിയുടെ വിവാഹം വെള്ളിയാഴ്ച നടക്കാനിരിക്കേ അഫ്ദാല്‍ വലിയ സമ്മാനമാണ് വീട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് പിതാവ് അഷ്റഫ് പ്രതികരിച്ചു.
അഫ്ദാലിന്റെ കുടുംബത്തോടൊപ്പം കളി കാണാന്‍ നാട്ടുകാരും ബന്ധുക്കളുമെല്ലാം പാണ്ടിക്കാട്ടെ വീട്ടില്‍ എത്തിയിരുന്നു. എല്ലാവരുടെയും കണ്ണ് 9ാം നമ്പര്‍ താരത്തിലേക്കായിരുന്നു. കേരളത്തിന്റെ പന്ത് വലയിലെത്തിയപ്പോള്‍ ആവേശത്തിലായി. മഞ്ചേരിയില്‍ എത്തിയാലുടനെ അഫ്ദാലിന് വലിയ സ്വീകരണം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
ചാമ്പ്യമാരായ മിസോറാമിനെ ഫൈനല്‍ മോഹം തകര്‍ത്തത് മോഹന്‍ ബഗാന്റെ മൈതാനത്ത് പകരക്കാരനായി എത്തിയ അഫ്ദാലിന്റെ നിര്‍ണായക ഗോളായിരുന്നു. 72ാമത് സന്തോഷ് ട്രോഫിയില്‍ മൂന്ന് ഗോളുകളാണ് അഫ്ദാല്‍ കേരളത്തിന് വേണ്ടി നേടിയത്.
ലോകഫുട്ബോളിലെ വിഖ്യാത ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ 15 ദിവസങ്ങളാണ് അഫ്ദാലിന്റെ കളിയെ മാറ്റിമറിച്ചത്. 2013-ലാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രോഫോഡില്പരിശീലനം നേടാനുള്ള അപൂര്‍വഭാഗ്യം അഫ്ദാലിന് ലഭിച്ചത്. പ്ലസ്ടുവിന് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസില്‍ പഠിക്കുന്ന സമയത്ത് യുണൈറ്റഡിന്റെ സഹകരണത്തോടെ നടത്തിയ റൈസിങ് സ്റ്റാര്‍ ടാലന്റ് ഹണ്ടില്‍ പങ്കടുത്തത് വഴിത്തിരിവായി. കളിമികവ് കണ്ടറിഞ്ഞ സെലക്ടര്‍മാര്‍ ബെംഗളൂരുവില്‍ നടന്ന രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം നല്കി. അവിടെയും മിന്നിയതോടെ മാഞ്ചെസ്റ്ററിലേക്ക് പറന്ന 12 അംഗ സംഘത്തില്‍ ഇടംലഭിച്ചു.
പരിശീലനത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളികാണാനും വാന്‍പേഴ്സി, വെയ്ന്‍ റൂണി തുടങ്ങി ഇതിഹാസങ്ങളെ നേരിട്ടുകാണാനും സാധിച്ചു. അഖിലേന്ത്യ അന്തസ്സര്‍വകലാശാല ഫുട്ബോളില്‍ നാലു കളിയില്‍നിന്ന് രണ്ട് ഹാട്രിക്കടക്കം എട്ടു ഗോള്‍ നേടി മികച്ച താരമായതോടെയാണ് അഫ്ദാലിന് സന്തോഷ് ട്രോഫി ടീമിലേക്ക് അവസരമൊരുങ്ങിയത്. മമ്പാട് എം.ഇ.എസ്. കോളേജില്‍ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..