മലപ്പുറം: ഫുട്‌ബോളിന്റെ ഹൃദയഭൂമിയില്‍ സന്തോഷം നിറയ്ക്കാനെത്തുന്ന സന്തോഷ് ട്രോഫിയില്‍ പോരാട്ടം പൊടിപാറും. പശ്ചിമ ബംഗാളും പഞ്ചാബുമുള്‍പ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് കേരളം. 'എ' ഗ്രൂപ്പില്‍ മേഘാലയ, രാജസ്ഥാന്‍ എന്നീ ടീമുകളുടെ പരീക്ഷണവും ആതിഥേയര്‍ക്ക് മറികടക്കാനുണ്ട്.

സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ചരിത്രമുള്ള ടീമാണ് പശ്ചിമ ബംഗാള്‍. 32 തവണ. കരുത്തുറ്റ കേളീശൈലിക്കുടമകളായ പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്. എട്ടുതവണ. കേരളം ആറുതവണ ജേതാക്കളായി. എട്ടുതവണ രണ്ടാം സ്ഥാനത്തുമെത്തി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബംഗാള്‍ മൂന്നുതവണ കിരീടമണിഞ്ഞപ്പോള്‍, പഞ്ചാബ് മൂന്നുതവണ റണ്ണറപ്പുകളായി. 2018-19 സീസണിലാണ് ഏറ്റവുമൊടുവില്‍ ടൂര്‍ണമെന്റ് നടന്നത്. അതിലെ റണ്ണറപ്പുകളാണ് പഞ്ചാബ്.

യോഗ്യതാ റൗണ്ടില്‍ ഏറ്റവും ഉജ്വലമായ പ്രകടനം കാഴ്ചവെച്ച ടീമാണ് പഞ്ചാബ്. ഉത്തരമേഖലയിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൂന്നു മത്സരങ്ങളും വിജയിച്ചു. 14 ഗോളുകളുമടിച്ച പഞ്ചാബ് ഒറ്റ ഗോള്‍ പോലും വഴങ്ങിയില്ലെന്നത് അവരുടെ പ്രതിരോധക്കോട്ടയുടെ കരുത്ത് വെളിപ്പെടുത്തുന്നു. പൂര്‍വമേഖലയില്‍ ഗ്രൂപ്പ് ബിയില്‍ അപരാജിതരായാണ് ബംഗാളിന്റെയും വരവ്.

രണ്ടു മത്സരങ്ങളും ജയിച്ചു. മൂന്നുഗോളടിച്ചു. ഒന്നുപോലും വഴങ്ങിയില്ല. മേഘാലയയും രാജസ്ഥാനും എഴുതിത്തള്ളാവുന്ന ടീമുകളല്ല. ഇതേവരെ സന്തോഷ് ട്രോഫി നേടാനായിട്ടില്ലെന്നത് അവരുടെ പോരാട്ടത്തിനു ചൂടുപകരും.

സര്‍വീസസിനു വഴിയെളുപ്പം

സമീപകാലത്ത് സന്തോഷ് ട്രോഫിയില്‍ മിന്നിത്തിളങ്ങിയ ടീമാണ് സര്‍വീസസ്. ഇന്ത്യന്‍ സേനാവിഭാഗങ്ങളിലെ വിവിധ സംസ്ഥാനക്കാരായ താരങ്ങളുടെ ടീമിന് കരുത്തേറുക സ്വാഭാവികം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചുതവണ കിരീടം സ്വന്തമാക്കിയതുതന്നെ അതിന് തെളിവ്. ദക്ഷിണേന്ത്യയിലെ കരുത്തരായ കര്‍ണാടകയും വടക്കുകിഴക്കന്‍ ശക്തികളായ മണിപ്പൂരുമാണ് സര്‍വീസസിനെ ഗ്രൂപ്പ് 'ബി'യില്‍ വെല്ലുവിളിക്കുക. ഗുജറാത്ത്, ഒഡിഷ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

കപ്പെടുക്കാന്‍ കേരളം

മൂന്നുവര്‍ഷംമുന്‍പ് കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാളിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി കീരീടംനേടിയ കേരളം, ഇക്കുറി നാട്ടില്‍ കിരീടമുയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. കളിമികവും കാണികളുടെ പിന്തുണയും പകരുന്ന ആത്മവിശ്വാസം കിരീടത്തിലേക്കെത്തുമെന്നാണ് കോച്ച് ബിനോ ജോര്‍ജിന്റെയും താരങ്ങളുടെയും പ്രതീക്ഷ.

ഫെബ്രുവരി 20-നാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമായി സന്തോഷ്ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിലെ മത്സരങ്ങള്‍ നടക്കും. മറ്റേ ഗ്രൂപ്പിലെ മത്സരങ്ങളും നോക്കൗട്ട് മത്സരങ്ങളും പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലും നടക്കും.

ഇരു ഗ്രൂപ്പുകളും പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ കളി എവിടെയാകുമെന്ന കാത്തിരിപ്പിലാണ് കാണികള്‍. ഏറ്റവുമധികം കാണികളെ ഉള്‍ക്കൊള്ളുന്ന പയ്യനാട്ടുതന്നെ കേരളം പന്തുതട്ടാനാണ് സാധ്യത. 25,000 പേര്‍ക്ക് പയ്യനാട് കളി കാണാം. കോവിഡ് ഭീതി മാത്രമാണ് ടൂര്‍ണമെന്റിനുമുന്നിലുള്ള ഏക വെല്ലുവിളി.

നമ്മള്‍ മുന്നേറും

''പഞ്ചാബും ബംഗാളും മേഘാലയയും മികച്ച ടീമുകളാണ്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ കടുത്തതാകും. സെമിയിലെത്താന്‍ ടീം ഓരോ കളിയിലും മികച്ച പോരാട്ടം പുറത്തെടുക്കേണ്ടി വരും. മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.'' - ബിനോ ജോര്‍ജ്, പരിശീലകന്‍, കേരള ഫുട്ബോള്‍ ടീം.

Content Highlights: Santosh Trophy Kerala in tough group with West Bengal and Punjab