ശനിയാഴ്ച...
രാവിലെ ആറുമണി.
കൊച്ചിനഗരം തിരക്കുകളിലേക്ക് ഉണര്‍ന്നുവരുന്നതേയുള്ളൂ. നഗരത്തിലെ ഒരു ഹോട്ടലില്‍നിന്ന് ഒരുകൂട്ടം ചെറുപ്പക്കാര്‍ തിരക്കുകള്‍ക്കു പിടികൊടുക്കാതെ 'ഒരുങ്ങി'യിറങ്ങി. എല്ലാവരുടെയും ലക്ഷ്യം ഒന്ന്, ഗോവയില്‍ ഈമാസം 12-ന് തുടങ്ങുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട്. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരളടീമിന്റെ പരിശീലനക്യാമ്പ് കൊച്ചിയില്‍ നടക്കുന്നു.
പ്രധാന വേദി: അംബേദ്കര്‍ സ്റ്റേഡിയം. തിരുവനന്തപുരത്ത് ഒരാഴ്ചത്തെ ക്യാമ്പിനു ശേഷമാണ് ടീം മൂന്നുദിവസം മുമ്പ് കൊച്ചിയിലെത്തിയത്. ഉപദേശങ്ങളുമായി കോച്ച് വി.പി. ഷാജി ടീമിന്റെ കൂടെയുണ്ട്. സഹ പരിശീലകരായി മുന്‍ അന്തര്‍ദേശീയ താരം ഫിറോസ് വി. ഷെരീഫും മുന്‍താരം മില്‍ട്ടണ്‍ ആന്റണിയും.
രാവിലെ പരിശീലനവും വൈകുന്നേരം സൗഹൃദമത്സരങ്ങളും. ആ രീതിയിലാണ് തയ്യാറെടുപ്പ്. തിരുവനന്തപുരത്ത് എസ്.ബി.ടി, കെ.എസ്.ഇ.ബി. ടീമുകളുമായി പരിശീലന മത്സരം കളിച്ചു. കൊച്ചിയില്‍ സെന്‍ട്രല്‍ എക്സൈസ്, ഫാക്ട് ടീമുകളെ നേരിട്ടു. ചടുലമായ പരിശീലനത്തിലൂടെ ഭാവിയിലേക്കുള്ള ടീമിനെക്കൂടിയാണ് ക്യാമ്പില്‍ വാര്‍ത്തെടുക്കുന്നത്.
ഏഴുമണി... പുലരിയിലെ തണുപ്പ്. മുതിര്‍ന്ന കളിക്കാരനും ടീം ക്യാപ്റ്റനുമായ പി. ഉസ്മാന്റെ നേതൃത്വത്തില്‍ 25 കളിക്കാരും മൈതാനത്ത് ഹാജര്‍. മൈതാനത്തിന്റെ ഇരുപകുതികളില്‍ രണ്ടു ടീമായി തിരിഞ്ഞാണ് ആദ്യഘട്ടം. ഷോട്ട്, ലോങ് പാസ്സുകള്‍, ഡ്രിബ്ലിങ്, ഹെഡിങ്, ഗോള്‍ ഷോട്ടുകള്‍... ഓരോ മേഖലയിലും പ്രത്യേക പരിശീലനം.
എട്ടുമണിയോടെ വിസില്‍ മുഴങ്ങി. വി.പി. ഷാജി കളിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കുന്നു. മൂന്നു ഗോള്‍കീപ്പര്‍മാര്‍ ഒഴികെയുള്ള 22 പേര് മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജേഴ്സികളില്‍ രണ്ടു ടീമായി തിരിഞ്ഞ് മത്സരം. ഗോള്‍ കീപ്പര്‍മാര്‍ക്ക് ഫിറോസ് വി. ഷെരീഫിന്റെ വക പരിശീലനം. വെയില് പരക്കാന്‍ തുടങ്ങി. കൃത്യം ഒമ്പതുമണിക്ക് വീണ്ടും വിസില്‍. രാവിലത്തെ പരിശീലനം തീരുന്നു.
വൈകുന്നേരം നാലേമുക്കാലോടെ അവര്‍ മൈതാനത്ത് മടങ്ങിയെത്തി. ശനിയാഴ്ച മത്സരമില്ല. പരിശീലനംമാത്രം. വാമപ്പിനു ശേഷം ഫ്രീകിക്കുകളില്‍ വിദഗ്ധ പരിശീലനം. അത് ഒന്നരമണിക്കൂറോളം നീണ്ടു.
മിസോറം, പഞ്ചാബ്, മഹാരാഷ്ട്ര, റെയില്‍വേസ്... 71-ാം സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന്റെ എതിരാളികളെല്ലാം വമ്പന്മാര്. ഗ്രൂപ്പ് ബിയില്‍ കേരളത്തിന്റെ ആദ്യമത്സരം 15-ന് റെയില്‍വേസിനെതിരെയാണ്. നഷ്ടപ്പെടാനൊന്നുമില്ലെന്ന് കോച്ച് ഷാജി. യുവ ടീമിനെയാണ് ഇക്കുറി കിട്ടിയിട്ടുള്ളതെന്ന് ഫിറോസ് വി. ഷെരീഫും മില്‍ട്ടണും. ടീമിന്റെ ശരാശരി പ്രായം 23. അഞ്ചുപേര്‍ 19 വയസ്സില്‍ താഴെയുള്ളവര്‍. ടീം ഉഷാറെന്ന് ക്യാപ്റ്റന്‍ ഉസ്മാനും കളിക്കാരും പറയുമ്പോള്‍ നമുക്കും പ്രതീക്ഷിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..